ചണ്ഡീഗഡ്: അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഷെഹ്സാദ് ഭട്ടി ശൃംഖല ആക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന റാണ ഭായ്, മാലിക് എന്നീ ഓപ്പറേറ്റർമാരുടെ പേര് സഹിതമുള്ള വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് പഞ്ചാബിൽ കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
അമൃത്സറിലെ ഖാസ കാന്റോൺമെന്റ്, ബിയാസിന് സമീപമുള്ള ബുദ്ധ തെഹ് സൈനിക താവളം എന്നിവിടങ്ങളിൽ ഇവർ നിരീക്ഷണം നടത്തിയതായി ഏജൻസികൾ വ്യക്തമാക്കുന്നു.മാസങ്ങൾക്ക് മുൻപ് ഖാസ കാന്റോൺമെന്റിന്റെ കോമ്പൗണ്ട് മതിലിന് സമീപം കുറഞ്ഞ തീവ്രതയുള്ള ഐഇഡി സ്ഫോടനം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക താവളങ്ങൾ കേന്ദ്രീകരിച്ച് വീണ്ടും പുതിയ ആക്രമണ ഭീഷണി ഉയർന്നിരിക്കുന്നത്.
വിദേശത്തുനിന്ന് പ്രവർത്തിക്കുന്ന ഷെഹ്സാദ് ഭട്ടിയുടെ നേതൃത്വത്തിൽ പ്രാദേശിക കുറ്റവാളികളെയും നെറ്റ്വർക്കുകളെയും ഉപയോഗിച്ച് അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾക്ക് ശ്രമം നടക്കുന്നതായാണ് നിഗമനം. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അമൃത്സറിലെയും പരിസരങ്ങളിലെയും തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളിൽ സുരക്ഷയും നിരീക്ഷണവും ശക്തമാക്കി.