പുനലൂര്‍ : സംസ്ഥാനത്ത് ജനറല്‍ ആശുപത്രികളില്‍ 24 മണിക്കൂറും സ്പെഷ്യാലിറ്റി, അത്യാഹിത വിഭാഗങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന ആരോഗ്യവകുപ്പിന്റെ പദ്ധതിക്ക് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ തുടക്കമായി. നിയമിച്ച മിക്ക ഡോക്ടര്‍മാര്‍ ചുമതലയേറ്റു. രാത്രി എട്ടുവരെ ആശുപത്രിയില്‍ ജോലി നോക്കുന്നുണ്ട്. ബാക്കിയുള്ള ഡോക്ടര്‍മാര്‍ കൂടി രണ്ടാഴ്ചക്കുള്ളില്‍ ചുമതലയേല്‍ക്കുന്നതോടെ പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കും.
താലൂക്ക് ആശുപത്രിയില്‍ അനസ്തേഷ്യാ വിഭാഗത്തില്‍ രണ്ടും ജനറല്‍ മെഡിസിന്, ഗൈനക്കോളജി, ശിശുരോഗ, ഓര്‍ത്തോ വിഭാഗങ്ങളില്‍ ഒന്നുവീതവും ഡോക്ടര്‍മാര്‍ ചുമതലയേറ്റു.
ജനറല്‍ മെഡിസിനിലും ഓര്‍ത്തോ വിഭാഗത്തിലും ഓരോ ഡോക്ടര്‍മാര്‍ ചുമതലയേല്ക്കാനുണ്ട്. ബുധനാഴ്ച ഇവര്‍ എത്തിയേക്കും.
ജനറല്‍ സര്‍ജറി, ശിശുരോഗ വിഭാഗങ്ങളില്‍ ഓരോ ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നു.
ഫോറന്‍സിക് മെഡിസിന് വിഭാഗത്തില്‍ മൂന്നുദിവസം മുമ്പ് ഡോക്ടര്‍ ചുമതലയേറ്റു. ദേശീയ ആരോഗ്യദൗത്യം (എന്‍എച്ച്എം) വഴി ആശുപത്രികളില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിനായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. ഈ ഡോക്ടര്‍മാര്‍ കൂടിയെത്തുന്നതോടെ ആശുപത്രികളില്‍ പദ്ധതി വിജയകരമായി നടപ്പാക്കാനാകും.
അതേസമയം പതിവുപോലെ രണ്ടുമണിവരെയേ ഒപി വിഭാഗത്തില്‍ സ്പെഷാലിറ്റി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകൂ. അത്യാഹിതവിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്ക് രാത്രി എട്ടുവരെയും തുടര്‍ന്ന് കാള്‍ ഓണ്‍ ഡ്യൂട്ടിയായുമാണ് സേവനം നടത്തുക. എന്നാല്‍ 24 മണിക്കൂറും ഒപി വിഭാഗത്തില്‍ ഡോക്ടര്മാരുണ്ടാകുമെന്ന ധാരണയില്‍ കഴിഞ്ഞ രണ്ടുദിവസമായി രോഗികളുടെ വന്‍തിരക്കാണ് ആശുപത്രിയില്‍ അനുഭവപ്പെട്ടത്.
കഴിഞ്ഞ ദിവസം 2730 പേരാണ് ഒപി വിഭാഗത്തില്‍ മാത്രം ചികിത്സതേടിയത്. സാധാരണ 2,000 -മാണ് ഒപി വിഭാഗത്തിലെത്തുന്ന രോഗികളുടെ ശരാശരി എണ്ണം.
കഴിഞ്ഞ ദിവസം സി. അജയപ്രസാദ് എംഎല്‍എ ആശുപത്രി സന്ദര്‍ശിച്ച് സംവിധാനങ്ങള്‍ വിലയിരുത്തി. പുതിയതായി ചുമതലയേറ്റ ഡോക്ടര്‍മാരെ നേരില്‍ കാണുകയും ചെയ്തു.
പുനലൂരിന്റെ പൊതുജനാരോഗ്യ മേഖലയ്ക്ക് കരുത്തേകുന്ന മുന്നേറ്റമാണ് താലൂക്ക് ആശുപത്രില്‍ ആരംഭിച്ച പദ്ധതിയെന്നും ആരോഗ്യമന്ത്രിയുടെ മറ്റു പ്രഖ്യാപനങ്ങള്‍ കൂടി സമയബന്ധിതമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി വിജയകരമായി നടപ്പാക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആര്. സുനില്‍കുമാറും പ്രതികരിച്ചു.
കഴിഞ്ഞമാസം നാലിന് പുനലൂര്‍ താലൂക്ക് ആശുപത്രി സന്ദര്‍ശിച്ച ആരോഗ്യമന്ത്രി കെ. മുരളീധരന് പ്രഖ്യാപിച്ചതാണ് പുതിയ പദ്ധതി. പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാന്‍ താലൂക്ക് ആശുപത്രിയെ തന്നെ മന്ത്രി തെരഞ്ഞെടുക്കുകയും ചെയ്തു.
പദ്ധതിയോട് ആദ്യം എതിര്‍പ്പ് പ്രകടപ്പിച്ച ഡോക്ടര്‍മാരുട സംഘടനയുമായി മന്ത്രി ചര്‍ച്ച നടത്തിയ ശേഷമാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതി വിജയകരമായി നടപ്പായാല്‍ പുനലൂര്‍ താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയായി ഉയര്‍ത്തുമെന്നും മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.