കൊച്ചി: പറവൂര്‍ മണ്ഡലത്തില്‍ പുനര്‍ജനി പദ്ധതിയുടെ ഭാഗമായി ഒരു വീട് പോലും വച്ചു നല്‍കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച 216 വീടുകള്‍ എവിടെയാണെന്നും പിരിച്ച കോടിക്കണക്കിന് രൂപ എന്തു ചെയ്തെന്നും മുഖ്യമന്ത്രി വി.ഡി. സതീശന് വ്യക്തമാക്കണമെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
പുനര്‍ജനി തട്ടിപ്പ് എന്ന വിഷയത്തില്‍ പറവൂരില്‍ നടന്ന ബഹുജന പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്താണ് എം.വി. ഗോവിന്ദന് സംസാരിച്ചത്. 216 വീടുകള്‍ പുനര്‍ജനി മുഖേന നല്‍കിയെന്നാണ് പറയുന്നത്. എന്നാല്‍ ഈ കുടുംബങ്ങള്‍ എവിടെയാണെന്ന് പറവൂര്ക്കാര് പോലും കണ്ടിട്ടില്ല.
അപ്പോള്‍ വിദേശത്തു നിന്നും സ്വരൂപിച്ചു എന്നു പറയുന്ന 500 കോടി എവിടെ എന്ന് സതീശന് വ്യക്തമാക്കണം. വിജിലന്‍സ് കേസ് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചാലും മറ്റ് നിരവധിയായ കേസുകള്‍ നിലനില്ക്കുക തന്നെ ചെയ്യുമെന്നും ഇക്കാര്യത്തിലെ സത്യം പുറത്തു വരുമെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
അതേസമയം, 2023ല്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണത്തില്‍ ആരോപണങ്ങളെ സാധൂകരിക്കുന്ന യാതൊരു തെളിവും കണ്ടെത്തിയില്ല എന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവെന്ന് വി.ഡി. സതീശന് വാര്‍ത്താസമ്മേളത്തിനിടെ മറുപടി നല്കി. തനിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതായിരുന്നു ആദ്യ റിപ്പോര്‍ട്ട്.
തുടര്‍ന്ന് എഫ്സിആര്‍എ ലംഘനം അന്വേഷിക്കണമെന്ന് പറഞ്ഞു. അന്ന് താന്‍ പ്രതിപക്ഷ നേതാവായിരുന്നു. അന്വേഷണം നടത്തിയപ്പോള്‍ എഫ്സിആര്‍എ ലംഘനവും ഇല്ലെന്ന് രണ്ടാമത്തെ വിജിലന്‍സ് ഡയറക്ടറും റിപ്പോര്‍ട്ട് നല്കി. രണ്ട് വിജിലന്‍സ് ഡയറക്ടര്‍മാരെയും താന്‍ സ്വാധീനിച്ചു എന്ന് പറയാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എത്ര വീടുകള്‍ നിര്‍മിച്ചു, എത്ര പേര്‍ക്ക് ധനസഹായം നല്കി എന്നതടക്കമുള്ള വിവരങ്ങളുടെ സമ്പൂര്‍ണ റിപ്പോര്‍ട്ട് വിജിലന്‍സിന് നല്‍കിയിട്ടുണ്ട്. സ്പോര്സര്ഷിപ്പിലൂടെ 1,600 കടകള്‍ക്ക് നഷ്ടപരിഹാരം നല്കി. 50 ടണ്‍ കാലിത്തീറ്റ വിതരണം ചെയ്തു. വീടുകള്‍ വച്ചു നല്കി. 1200 പേര്‍ക്ക് തയ്യല്‍ മെഷീനുകള്‍ നല്കി. കൃഷിനാശം സംഭവിച്ചവര്‍ക്കും സഹായം നല്‍കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.