അബുദാബി: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് ക്രിക്കറ്റില്‍ ബംഗ്ലാദേശ് ഭേദപ്പെട്ട നിലയില്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് ആദ്യ ദിനം അവസാനിപ്പിക്കുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സ് എന്ന നിലയിലാണ്.
മികച്ച തുടക്കമാണ് ബംഗ്ലാദേശിനായി ഓപ്പണര്‍മാരായ ഷദ്മാന്‍ ഇസ്ലാം (67), ടന്‍സിദ് ഹസന് (83) ചേര്‍ന്ന് നല്‍കിയത്.
ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 22.5 ഓവറില്‍ 124 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നാലെ എത്തിയ മൊമിനുള്‍ ഹഖ് 39 റണ്‍സ് നേടി.
എന്നാല്‍, 184ന് രണ്ടില്‍നിന്നും 225ന് അഞ്ച് വിക്കറ്റിലേക്കു ബംഗ്ല കടുവകള്‍ വീണു. ലിറ്റണ്‍ ദാസ് 53 റണ്‍സുമായി സ്കോര്‍ 300 കടത്തി. അഫ്ഗാനിസ്ഥാനുവേണ്ടി മുഹമ്മദ് സലീം മൂന്നും യമീന് അഹമ്മദാസി, ഇസ്മത് അലാം എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.