ചങ്ങനാശേരി: പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഗജറാണി പെരുന്ന ശ്രീവള്ളി ചരിഞ്ഞു. രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ 55 ദിവസമായി ചികിത്സയിലായിരുന്ന ശ്രീവള്ളി ഇന്നലെ പുലര്‍ച്ചയോടെയാണ് ചരിഞ്ഞത്. നാടിന്റെയും വിശ്വാസികളുടെയും പ്രിയങ്കരിയായിരുന്ന ശ്രീവള്ളിയുടെ വേര്‍പാട് പെരുന്ന നിവാസികളെയും ആനപ്രേമികളെയും വലിയ ദുഃഖത്തിലാഴ്ത്തി.
1976 ഒക്ടോബര്‍ 28ന് സ്കന്ദഷഷ്ഠി ദിനത്തില്‍ ശ്രീവള്ളിയെ മുരുക ഭക്തനായ പുഴവാത് ചിറയില്‍ കമലാസനന് ക്ഷേത്രനടയില്‍ വഴിപാടായി സമര്‍പ്പിച്ചതാണ്. കോന്നി ആനക്കൂട്ടില്നിന്നും 20,000 രൂപയ്ക്ക് ലേലത്തിലൂടെയാണ് ശ്രീവള്ളിയെ പെരുന്നയിലെത്തിച്ചത്. ശ്രീവള്ളിയെ പ്രദേശവാസികള്‍ സ്നേഹത്തോടെ വള്ളിയമ്മ എന്നാണ് വിളിച്ചിരുന്നത്.
പെരുന്ന ക്ഷേത്രത്തിലെ ഉത്സവത്തിന്റെ എട്ടാം ദിനത്തില്‍ സുബ്രഹ്മണ്യസ്വാമിയുടെ തിടമ്പേറ്റിയിരുന്നത് ഈ ഗജറാണിയാണ്. എത്ര തലയെടുപ്പുള്ള ഗജവീരന്മാര് അണിനിരന്നാലും എട്ടാം ഉത്സവത്തിന് തിടമ്പേറ്റാനുള്ള അവകാശം ശ്രീവള്ളിക്ക് മാത്രമായിരുന്നു. കൂടാതെ കേരളത്തിലെ പ്രശസ്തമായ മറ്റു പല ക്ഷേത്രോത്സവങ്ങളിലും ശ്രീവള്ളി സ്ഥിരം സാന്നിധ്യമായിരുന്നു.
പൊതുദര്‍ശനത്തിന് വച്ച ശ്രീവള്ളിയുടെ മൃതദേഹം കാണാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍നിന്നായി നൂറുകണക്കിന് ആനപ്രേമികളെത്തി. വനംവകുപ്പിന്റെയും ദേവസ്വത്തിന്റെയും നിര്‍ദേശപ്രകാരം ഔദ്യോഗിക ചടങ്ങുകളോടെ വൈകുന്നേരത്തോടെ സംസ്കരിച്ചു.