ഗായിക റിമി ടോമിയുടെ വിവാഹത്തിന് താരമായത് റിമിയുടെ അമ്മ റാണി ടോമിയാണ്. സ്റ്റേജിലേയ്ക്കുള്ള വരവിൽ തന്റെ കിടിലൻ ഡാൻസിലൂടെ പുതിയൊരു ആരാധകരെത്തന്നെ സൃഷ്ടിച്ചെടുത്തിരിക്കുകയാണ് ഇവർ. റിമിയുടെ കഴിവ് അമ്മയിൽ നിന്നാണെന്ന് ഇതോടെ ചർച്ചകളായി.
പ്രായത്തെ വെല്ലുന്ന ആവേശത്തോടെ നൃത്തം ചെയ്യുന്ന റാണിയുടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തുക്കഴിഞ്ഞു. പെണ്ണേ പെണ്ണേ നിൻ കല്യാണമായി...എന്ന പാട്ടിനൊപ്പമാണ് റിമിയുടെ അമ്മ ചുവടു വച്ചത്.
വേദിയിൽ നിന്ന് ലിബിനും റിമിയും അമ്മയെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോകളിൽ കാണാം. മകളെ ആശംസിച്ചു കൊണ്ടുള്ള റാണിയുടെ നൃത്തത്തിന് വലിയ പ്രശംസയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
കലാമണ്ഡലത്തിൽ ദിവസവും പോയി പഠിക്കുന്ന റാണി തനിക്ക് ക്ലാസ് മിസ് ചെയ്യാൻ വലിയ ബുദ്ധിമുട്ടാണെന്ന് യുട്യൂബ് വീഡിയോയിൽ പറയുന്നുണ്ട്. മകളുടെ കല്യാണമായതുകൊണ്ടാണ് താൻ ലീവെടുത്തതെന്നും ഒഴിവാക്കാൻ പറ്റില്ലല്ലോയെന്നും തമാശരൂപേണ പറയുന്നുണ്ട്.
റിമി ടോമിയുടെ വേദികളിലെ ആ വലിയ ഊർജത്തിന്റെ രഹസ്യം അമ്മ തന്നെയാണെന്നാണ് ആരാധകർ സ്നേഹത്തോടെ പറയുന്നത്. അറുപത് കഴിഞ്ഞ റിമിയുടെ അമ്മയാണ് തന്റെ വിജയത്തിന് പിന്നിലെന്ന് റിമിയും പല വേദികളിൽ പറഞ്ഞിട്ടുണ്ട്. സംഗീത വേദികളിൽ തന്നെ ഒരുക്കിവിട്ടിരുന്നത് അമ്മയായിരുന്നുവെന്നും തനിക്ക് ഈ എനർജി ലഭിച്ചത് അമ്മയുടെ അടുത്ത് നിന്നാണെന്നും അവർ പറഞ്ഞിട്ടുണ്ട്.
നൃത്ത പഠനവും പ്രോഗ്രാമുകളുമൊക്കെയായി തിരക്കിലാണ് റാണി ടോമി. ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും ഡിപ്ലോമ കരസ്ഥമാക്കിയ അവർ ഇപ്പോൾ കലാമണ്ഡലത്തിലാണ് ബിരുദം ചെയ്യുന്നത്.
തൃശൂര്‍ പ്രാചീനകലാക്ഷേത്രയില് നിന്നും ഭരതനാട്യത്തില്‍ ഡിപ്ലോമ എടുത്തു. മോഹിനിയാട്ടം എടപ്പാളില്‍ പോയി പഠിച്ചു. എന്നാൽ ഇവ രണ്ടും ഡിപ്ലോമ കോഴ്സുകളായാതിനാൽ ഇതിന്റെ ബിരുദം ചെയ്യണമെന്നത് അവരുടെ ആഗ്രമായിരുന്നു.
തങ്ങളെല്ലാം പലവഴിക്ക് തിരക്കായപ്പോൾ അമ്മ തന്നെയാണ് ഡാൻസിന് പോകുന്നതിനെക്കുറിച്ച് ആലോചിച്ചതെന്നും പിന്നീട് അങ്ങോട്ട് വിളിച്ച് പ്രോഗ്രാമുണ്ടോയെന്ന് ചോദിച്ചതെന്നും റിമിയും പറഞ്ഞിട്ടുണ്ട്.
ശനിയാഴ്ചയായിരുന്നു റിമിയുടെയും ലിബിന്റെയും വിവാഹം നടന്നത്. മുംബൈയിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്.