കൊച്ചി: ഗതാഗതവകുപ്പിനു കീഴില്‍ ഡ്രൈവിംഗ് ലൈസന്‍സ്, ആര്‍സി ബുക്ക് തുടങ്ങിയവയുടെ പ്രിന്റിംഗ് ജോലികള്‍ക്കു ചുമതലപ്പെടുത്തിയ കമ്പനിക്ക് ഇതുവരെ അനുവദിച്ച പ്രതിഫലത്തുകയുടെ വിശദാംശങ്ങള്‍ അറിയിക്കാൻ ഹൈക്കോടതി നിർദേശം.
കരാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണോ പ്രിന്റിംഗ് ജോലികള്‍ ഇവര്‍ക്കു കൈമാറിയതെന്നും 2023 ഏപ്രില്‍ 24ന് മുമ്പും ശേഷവും നല്കിയ തുക എത്രയെന്നും അറിയിക്കാനാണു ജസ്റ്റീസ് എ. ബദറുദ്ദീന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കിയത്. ഗതാഗത കമ്മിഷണറായിരിക്കേ നടപടിക്രമങ്ങള്‍ പാലിക്കാതെ തനിക്കു താത്പര്യമുള്ള കമ്പനിക്കു നിലവിലെ ഡിജിപി എസ്. ശ്രീജിത് കരാര്‍ നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണു കോടതി സര്‍ക്കാരില്‍നിന്നു വിശദാംശങ്ങള്‍ തേടിയത്.
ഡിജിപി എസ്. ശ്രീജിത്തിനെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥന് ദിപിന് ഇടവന നല്കിയ ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജി വീണ്ടും നവംബര്‍ ആറിനു പരിഗണിക്കാന്‍ മാറ്റി.