കോഴിക്കോട്: സംസ്ഥാനത്തെ തെരഞ്ഞെടുത്ത സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ജനറല്‍-ജില്ലാ ആശുപത്രികളിലും രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ (ആര്‍ജിസിബി) സഹകരണത്തോടെ അത്യാധുനിക ലാബുകളും ഇമേജിംഗ് പരിശോധനാ സൗകര്യങ്ങളും സ്ഥാപിക്കുന്നു.
രോഗികള്‍ക്കു കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട പരിശോധനകള്‍ ലഭ്യമാക്കാനും സ്വകാര്യ ലാബുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനുമായി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സന്നദ്ധത രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ആരോഗ്യവകുപ്പിനെ അറിയിക്കുകയായിരുന്നു.
ഇതുപ്രകാരം പ്രധാനമായും തിരുവനന്തപുരം മെഡിക്കല്‍ കോളജ് (എംആര്‍ഐ സ്കാനിംഗ്), വയനാട് മെഡിക്കല്‍ കോളജ് (എംആര്‍ഐ, സിടി സ്കാന്‍, ഡിജിറ്റല്‍ എക്സ്റേ, ക്ലിനിക്കല്‍ ലാബ്, അഡ്വാന്‍സ്ഡ് മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക് ലാബ്), തിരുവനന്തപുരം ജനറല്‍ ആശുപത്രി (സിടി സ്കാന്‍), പേരൂര്‍ക്കട മോഡല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി, കായംകുളം സര്‍ക്കാര്‍ ആശുപത്രി (സിടി സ്കാനും ക്ലിനിക്കല്‍ ലാബും) എന്നിവിടങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ ആരോഗ്യവകുപ്പ് അനുമതി നല്കി.
സ്ഥലംമാത്രം സര്‍ക്കാര്‍ നല്‍കണം
ലാബുകളും ഇമേജിംഗ് സംവിധാനവും ഒരുക്കാനുള്ള സ്ഥലം സര്‍ക്കാര്‍ നല്‍കും. കെട്ടിടത്തിന്റെ വാടക, വൈദ്യുതി, വെള്ളം, ഇന്റര്‍നെറ്റ്, ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി, ജീവനക്കാരുടെ ശമ്പളം എന്നിവ ആര്ജിസിബിതന്നെ വഹിക്കണം. ഇമേജിംഗ്, ലാബ് സേവനങ്ങളില്‍നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം തുക അതത് ആശുപത്രി വികസനസമിതികള്ക്കു നല്‍കും.
ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ക്കു മുന്‍ഗണന നല്കിയ ശേഷമായിരിക്കും പുറത്തുനിന്നുള്ള രോഗികളുടെ സാമ്പിളുകള്‍ പരിശോധിക്കുക. അടിയന്തര പരിശോധനാ ഫലങ്ങള്‍ ഉടനടിയും മറ്റു റിപ്പോര്‍ട്ടുകള്‍ 24 മണിക്കൂറിനകവും ലഭ്യമാക്കും. റേഡിയോളജിസ്റ്റ്, അനസ്തേഷ്യ ജീവനക്കാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നിയമനവും ശമ്പളവും ആര്‍ജിസിബിയുടെ ഉത്തരവാദിത്വമായിരിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ പദ്ധതി നിരക്കിലായിരിക്കും പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍. കെഎഎസ്പി, മെഡിസെപ് തുടങ്ങിയ സൗജന്യ പദ്ധതികളുടെ ആനുകൂല്യവും ഇവിടെ ലഭ്യമാകും.
അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രി സൂപ്രണ്ട് ശിപാര്‍ശ ചെയ്യുന്ന നിര്‍ധനരായ രോഗികള്‍ക്കു ദിനംപ്രതി കൈകാര്യം ചെയ്യുന്ന കേസുകളുടെ അഞ്ചു ശതമാനം വരെ സൗജന്യ പരിശോധന നല്‍കാനും വ്യവസ്ഥയുണ്ട്.