ന്യൂയോർക്ക്: നാനാത്വത്തിലെ ഏകത്വമാണ് ഭാരതത്തിന്റെയും അമേരിക്കയുടെയും ഡിഎൻഎയിൽ ഉള്ളതെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ 'അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്മെന്റ് ആൻഡ് ഡയലോഗ്' സംഘടിപ്പിച്ച 'യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയിൽ 'ബഹുസ്വരത' എന്ന വാക്ക് ഉപയോഗിക്കുന്നത് പോലെ ഭാരതത്തിൽ ചർച്ച ചെയ്യുന്നത് 'നാനാത്വത്തിലെ ഏകത്വം' എന്ന തത്വമാണ്. ഈ വൈവിധ്യവും ഏകത്വവും ഇരു രാജ്യങ്ങളുടെയും സ്വഭാവത്തിൽ ലയിച്ചുചേർന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രങ്ങൾ എന്നത് കേവലം ഭൂപടത്തിലെ അതിരുകൾ മാത്രമല്ലെന്ന് സ്വാമി വിവേകാനന്ദന്റെ വാക്കുകൾ ഉദ്ധരിച്ച് അദ്ദേഹം ഓർമിപ്പിച്ചു. ലോകത്തിന് മുന്നിൽ ഏകത്വത്തിന്റെ സന്ദേശം എത്തിക്കുക എന്നതാണ് ഭാരതത്തിന്റെ നിയോഗം.
വ്യത്യസ്ത ഭാഷകളും ആചാരങ്ങളും കാരണം മനുഷ്യർ ബാഹ്യമായി വ്യത്യസ്തരാണെന്ന് തോന്നാമെങ്കിലും, എല്ലാവരിലും നിലനിൽക്കുന്നത് ഒരേ മാനവിക വികാരവും ആന്തരിക ഐക്യവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ മതവിഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ നേതാക്കളും ചടങ്ങിന്റെ മുൻനിരയിൽ പങ്കെടുത്തു.