ന്യൂഡൽഹി: സാധാരണക്കാരുടെ ജീവിതവും സേവനപ്രവർത്തനങ്ങളും രാജ്യത്തിന് മുന്നിലെത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് 12 വർഷം പൂർത്തിയാക്കി. സാധാരണക്കാരുടെ കഠിനാധ്വാനവും സേവനമനോഭാവവും അടുത്തറിയാനും ആദരിക്കാനും സഹായിച്ച ഈ യാത്ര തനിക്ക് തീർഥാടനത്തിന് തുല്യമാണെന്നും മോദി പറഞ്ഞു.
പരിപാടിയുടെ 139-ാം പതിപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 12 വർഷം മുൻപ് വിജയദശമി ദിനത്തിലാണ് മൻ കി ബാത്ത് സംപ്രേഷണം ആരംഭിച്ചത്. അന്നുമുതൽ തടസങ്ങളില്ലാതെ തുടരുന്ന യാത്രയിൽ തനിക്കൊപ്പം സഞ്ചരിച്ച ശ്രോതാക്കൾക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സാധാരണക്കാരുടെ പ്രവർത്തനങ്ങളും നേട്ടങ്ങളും അടുത്തറിയാൻ പരിപാടി സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.
ദീപാവലി അടുത്തിരിക്കെ പരിസരങ്ങൾ ശുചിയായി സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു. പ്രകൃതിയെ സംരക്ഷിക്കുന്നതും ജലസ്രോതസുകൾ വൃത്തിയായി നിലനിർത്തുന്നതും പൂർവികർ കൈമാറിയ ഉത്തരവാദിത്വമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഉത്തരാഖണ്ഡിലെ തെഹ്രി ഗഢ്വാളിൽ നാട്ടുകാർ ഒത്തൊരുമിച്ച് ഗംഗയുടെ പോഷകനദിയായ ഹേവ്ലി നദിയെ പുനരുജീവിപ്പിച്ച ജനകീയ കൂട്ടായ്മയെയും മോദി പ്രശംസിച്ചു.