ന്യൂഡൽഹി: ആം ആദ്മി പാർട്ടിയെ പ്രതിസന്ധിയിലാക്കി പ്രമുഖ നേതാക്കളായ രാഘവ് ഛദ്ദ, സന്ദീപ് പഥക്, അശോക് മിത്തൽ എന്നിവർ ബിജെപിയിൽ ചേർന്നു. പാർട്ടി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ നേതാക്കൾ മണിക്കൂറുകൾക്കകമാണ് ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചത്. ബിജെപി ആസ്ഥാനത്ത് വലിയ ആഘോഷങ്ങളോടെയാണ് നേതാക്കളെ വരവേറ്റത്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ മൂവർക്കും മധുരം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു.
അരവിന്ദ് കെജ്രിവാളിന്റെ ഏറ്റവും അടുത്ത വിശ്വസ്തരായ നേതാക്കളുടെ പടിയിറക്കം ആം ആദ്മി പാർട്ടിക്ക് കനത്ത പ്രഹരമാണ്. പാർട്ടിയുടെ ദേശീയ സംഘടനാ ജനറൽ സെക്രട്ടറി സന്ദീപ് പഥക്, രാജ്യസഭാ ഉപനേതാവ് അശോക് മിത്തൽ എന്നിവരും ഛദ്ദയ്ക്കൊപ്പം ബിജെപി പാളയത്തിലെത്തി. എഎപിയുടെ രാജ്യസഭാ എംപിമാരിൽ മൂന്നിൽ രണ്ട് ഭാഗവും തങ്ങളോടൊപ്പമുണ്ടെന്നും അതിനാൽ ഭരണഘടനാപരമായി ബിജെപിയിൽ ലയിക്കുകയാണെന്നുമാണ് രാഘവ് ഛദ്ദ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഇവർക്ക് എംപി സ്ഥാനം നഷ്ടപ്പെടാതെ തന്നെ ബിജെപിയിൽ തുടരാൻ സാധിക്കും.