ന്യൂഡൽഹി: പഞ്ചാബിൽ നിന്നുള്ള രാജ്യസഭാ എംപിയായ രാഘവ് ചദ്ദയുടെ പേര് ഡൽഹിയിലെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയ നടപടിയെച്ചൊല്ലി ആം ആദ്മി പാർട്ടി വൻ ആരോപണങ്ങളുമായി രംഗത്തെത്തി. ഡൽഹി രാജീന്ദർ നഗർ അസംബ്ലി മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ചദ്ദയുടെ പേര് ചേർത്തത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് എഎപി നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഡൽഹിയിൽ നടന്നു വരുന്ന പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ഭാഗമായാണ് ചദ്ദയുടെ പേര് പുതുതായി ചേർത്തത്. ആഗസ്റ്റ് 31-ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 746 വോട്ടർമാരാണുണ്ടായിരുന്നതെന്നും, എന്നാൽ രാഘവ് ചദ്ദയുടെ പേര് 747-ാമത്തെ വോട്ടറായി ഉൾപ്പെടുത്തിയത് എങ്ങനെയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണമെന്നും എഎപി ഡൽഹി ഘടകം അധ്യക്ഷൻ സൗരഭ് ഭരദ്വാജ് ആവശ്യപ്പെട്ടു.
എന്നാൽ, കൃത്യമായ നടപടിക്രമങ്ങളിലൂടെയാണ് രാഘവ് ചദ്ദയുടെ പേര് ഉൾപ്പെടുത്തിയതെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മുൻപ് എഎപി പ്രതിനിധിയായി പഞ്ചാബിൽ നിന്ന് രാജ്യസഭയിലെത്തിയ ചദ്ദയുടെ പേര് അവിടെയുള്ള വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.