ലക്നൗ: ഐപിഎല്ലിൽ പുതിയ വിവാദത്തിന് തിരികൊളുത്തി കോൽക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തിന്റെ പുറത്താകൽ. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ കോൽക്കത്ത താരം അംഗ്ക്രിഷ് രഘുവംശി ‘ഒബിഎസ്’ പ്രകാരം പുറത്തായതാണ് വിവാദമായത്.
വിക്കറ്റിനിടയിലുള്ള ഓട്ടത്തിനിടെ ഫീൽഡ് തടസപ്പെടുത്തിയതിനാണ് താരം ഒൗട്ടാണെന്ന് തേര്‍ഡ് അംപയർ വിധിച്ചത്. കോൽക്കത്ത ഇന്നിംഗ്്സിലെ അഞ്ചാം ഓവറിലെ അവസാന പന്തിലാണ് സംഭവം. പ്രിൻസ് യാദവ് എറിഞ്ഞ പന്ത് മിഡ് ഓണിലേക്ക് രഘുവംശി തട്ടിയിട്ടു. സിംഗിളിനായി ഓട്ടം തുടങ്ങുകയും ചെയ്തു. എന്നാൽ മറുവശത്തുണ്ടായിരുന്ന കാമറൂണ്‍ ഗ്രീൻ, താരത്തെ തിരിച്ചയച്ചു.
പക്ഷേ തിരിഞ്ഞോടിയപ്പോൾ ഓട്ടം, പിച്ചിന്റെ മറുവശത്തു കൂടിയായി. ഇതേസമയം മുഹമ്മദ് ഷമി സ്റ്റംപിലേക്ക് ബോൾ ഡയറക്ട് ത്രോ നടത്തി. എന്നാൽ ക്രീസിലേക്ക് ഡൈവ് ചെയ്ത് രഘുവംശിയുടെ അടിയിൽപ്പെട്ട് ബോളിന്റെ ചലനം നിന്നു. ഇതോടെ ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്ത് വിക്കറ്റിനായി അപ്പീൽ ചെയ്തു. തുടർന്ന് തീരുമാനം തേര്‍ഡ് അംപയർക്കു വിടുകയും ഒൗട്ട് വിധിക്കുകയുമായിരുന്നു.
അംഗ്ക്രിഷിന് പിഴ ശിക്ഷ
ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് അംഗ്ക്രിഷ് രഘുവംശിക്ക് മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്തി. രഘുവംശി പുറത്തായ ശേഷം ബൗണ്ടറി ലൈൻ കടക്കുന്പോൾ തന്റെ ഹെൽമറ്റ് വലിച്ചെറിഞ്ഞു. ബൗണ്ടറി കുഷ്യനിൽ ബാറ്റ് ആഞ്ഞടിക്കുകയും ചെയ്തിരുന്നു.