കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതർക്കായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശക്തമായ ഇടപെടലാണ് നടത്തിയതെന്ന് ഐഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
ദുരന്തബാധിതർക്ക് കോണ്‍ഗ്രസ് കുന്നന്പറ്റയിൽ നിർമിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദുരന്തവാർത്തയറിഞ്ഞപ്പോൾത്തന്നെ വികാരനിർഭരമായ ഇടപെടലാണ് രാഹുൽ ഗാന്ധി നടത്തിയത്. കേന്ദ്ര സഹായത്തിനുവേണ്ടി ശക്തമായി വാദിച്ചു. പാർലമെന്റിൽ പ്രത്യേക ചർച്ച ആവശ്യപ്പെട്ടു. കേന്ദ്രസഹായത്തിന് പ്രിയങ്ക ഗാന്ധിയും സജീവ ഇടപെടൽ നടത്തി.
പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം കോണ്‍ഗ്രസുണ്ടാകും. ദുരന്തമുഖത്ത് രാഷ്ട്രീയം കളിക്കുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ്. രാഹുൽ ഗാന്ധി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കർണാടക സർക്കാർ 20 കോടി രൂപ സഹായം പ്രഖ്യാപിച്ചത്. ഇതിൽ 10 കോടി രൂപ ഇതിനകം കൈമാറി.
ഭവനപദ്ധതിക്ക് സ്ഥലം ആവശ്യപ്പെട്ടെങ്കിലും സർക്കാർ അനുവദിച്ചില്ല. ഈ സാഹചര്യത്തിലാണ് സ്വന്തമായി സ്ഥലം കണ്ടത്തേണ്ടിവന്നത്. ദുരന്തത്തിൽ കെട്ടിടം നശിച്ച 40 പേർക്ക് കോണ്‍ഗ്രസ് അഞ്ച് ലക്ഷം രൂപ വീതം അനുവദിച്ചതായും വേണുഗോപാൽ പറഞ്ഞു.