സുൽത്താൻപുർ: കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരേ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ സുൽത്താൻപുർ പ്രത്യേക കോടതി ഇന്നു വിധിപറയും.
2018 ൽ അമിത് ഷാ ബിജെപി അധ്യക്ഷസ്ഥാനം വഹിച്ചിരുന്ന ഘട്ടത്തിലെ രാഹുലിന്റെ പ്രസ്താവനയാണ് കേസിനാധാരം. രാഹുലിന് ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാകേണ്ടിവരുമെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ സന്തോഷ് കുമാർ പാണ്ഡെ പറഞ്ഞു.
2018 ലെ കർണാടക തെരഞ്ഞെടുപ്പ് കാലത്ത് ബംഗളൂരുവിൽ നടന്ന പൊതുയോഗത്തിലായിരുന്നു രാഹുലിന്റെ വിവാദ പരാമർശം. ഇതിനെതിരേ സുൽത്താൻപുർ ജില്ലാ സഹകരണബാങ്ക് ചെയർമാനും ബിജെപി നേതാവുമായ വിജയ് മിശ്രയാണു കോടതിയെ സമീപിച്ചത്.
രാഹുൽ ഇന്ന് സുൽത്താൻപുരിലെത്തുമെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ സ്ഥിരീകരിച്ചു. സന്ദർശനം കണക്കിലെടുത്ത് കൂടുതൽ സേനയെ വിന്യസിച്ചതായി പൊലിസും പറഞ്ഞു.