പരവൂര്‍: റെയില്‍വേയുടെ പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി അത്യാധുനിക ടെലികോം-ഡിജിറ്റല്‍ സംവിധാനങ്ങള്‍ നടപ്പിലാക്കി ഇന്ത്യന്‍ റെയില്‍വേ.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കിയ വിപുലമായ ആധുനികവത്കരണ പദ്ധതിയിലൂടെ റെയില്‍വേ ശൃംഖലയെ പൂര്‍ണമായും ഡിജിറ്റലായി സംയോജിപ്പിച്ചിരിക്കുകയാണ്. അത്യാധുനിക കമ്യൂണിക്കേഷന്‍ സംവിധാനങ്ങളും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനങ്ങളാണ് ഇതിന്റെ പ്രധാന ആകര്‍ഷണം.
രാജ്യത്തെ 1,874 സ്റ്റേഷനുകളില്‍ ഇതിനോടകം വീഡിയോ സര്‍വൈലന്‍സ് സിസ്റ്റം (വിഎസ്എസ്) വിപുലീകരിച്ചു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് അധിഷ്ഠിത വീഡിയോ അനലിറ്റിക്സ് ഉപയോഗിക്കുന്നതിലൂടെ അതിക്രമിച്ചു കയറുന്നവരെയും അനാവശ്യമായി സ്റ്റേഷനില്‍ തങ്ങുന്നവരെയും സ്വയമേവ കണ്ടെത്താന്‍ സാധിക്കും.
മുഖം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാമറകള്‍ റെയില്‍വേയുടെ കണ്ണുകളായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതിന്റെ തലച്ചോറായും പ്രവര്‍ത്തിക്കുമെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.
യാത്രക്കാര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതിനായി സംയോജിത പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ഐപിഐഎസ്) 1,405 സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തി. ഇലക്ട്രോണിക് ട്രെയിന്‍ ഇന്‍ഡിക്കേറ്റര്‍ ബോര്‍ഡുകള്‍, കോച്ച് ഗൈഡന്‍സ് സിസ്റ്റം എന്നിവ ഇതിന്റെ ഭാഗമാണ്. നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റവുമായി ( എന്‍ടിഇഎസ്) ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ട്രെയിനുകളുടെ സമയവിവരങ്ങള്‍ തത്സമയം അനൗണ്‍സ്മെന്റുകളായി ലഭിക്കും.
ദുര്‍ഘടമായ ഭൂപ്രദേശങ്ങളിലെ യാത്ര സുരക്ഷിതമാക്കാന്‍ ടണല്‍ കമ്യൂണിക്കേഷന്‍ സംവിധാനങ്ങളും റെയില്‍വേ വികസിപ്പിച്ചു. ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള ലിങ്ക് ഉള്‍പ്പെടെയുള്ള പാതകളില്‍ തുരങ്കങ്ങള്‍ക്കുള്ളില്‍ തടസമില്ലാത്ത റേഡിയോ കണക്ടിവിറ്റി ഉറപ്പാക്കി.
മിഷന് ക്രിട്ടിക്കല്‍ ആപ്ലിക്കേഷനുകള്‍ക്കായി ഐപി എംപിഎല്‍എസ് സാങ്കേതികവിദ്യ 1,396 സ്റ്റേഷനുകളില്‍ കമ്മീഷന് ചെയ്തു. ഇതുവഴി റിസര്‍വേഷന്‍ സംവിധാനം, ചരക്ക് നീക്ക വിവരങ്ങള്‍ എന്നിവ കൂടുതല്‍ വേഗത്തിലും സുരക്ഷിതമായും കൈകാര്യം ചെയ്യാന്‍ സാധിക്കും. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയോട് ചേര്‍ന്നുനിന്ന് സാങ്കേതികവിദ്യയിലധിഷ്ഠിതമായ സുരക്ഷിത യാത്രയൊരുക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.