കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലയുടെ വാണിജ്യ തലസ്ഥാനവും ജില്ലയിലെ ഏറ്റവും വലിയ നഗരസഭയും താലൂക്ക് ആസ്ഥാനവുമായ കാഞ്ഞങ്ങാട്ടെ റെയില്‍വേ സ്റ്റേഷനോട് അധികാരികള്‍ കാണിക്കുന്ന അവഗണനയ്ക്കെതിരേ കാഞ്ഞങ്ങാട്ട് ജനകീയ പ്രക്ഷോഭം ശക്തമാക്കുന്നു.
കാഞ്ഞങ്ങാട് നഗരസഭയിലെയും പള്ളിക്കര, അജാനൂര്‍, പുല്ലൂര്‍-പെരിയ, മടിക്കൈ, കോടോം-ബേളൂര്‍, കള്ളാര്‍, പനത്തടി, ബളാല്‍ എന്നീ പഞ്ചായത്തികളിലെയും കര്‍ണാടകയിലെ മടിക്കേരി, സുള്ള്യ, ഭാഗമണ്ഡല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെയും ജനങ്ങള്‍ പൂര്‍ണമായും കുറ്റിക്കോല്‍, ബേഡഡുക്ക, ചെമ്മനാട്, ഉദുമ പഞ്ചായത്തുകളിലെ ജനങ്ങള്‍ ഭാഗികമായുംആശ്രയിക്കുന്ന റെയില്‍വേ സ്റ്റേഷനാണ് കാഞ്ഞങ്ങാട്.
ലോക പ്രശസ്ത ടൂറിസം കേന്ദ്രമായ ബേക്കല്‍ കോട്ട, റാണിപുരം, മടിക്കേരി, തലക്കാവേരി എന്നിവിടങ്ങളിലേക്കുള്ള വിനോദ സഞ്ചാരികള്‍ക്കുള്ള പ്രവേശന കവാടമാണ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന കേന്ദ്രസര്‍വകലാശാലയിലെ വിദ്യാര്‍ഥികളും അധ്യാപകരും കൂടാതെ പി.എന്‍. പണിക്കര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജ്, നിത്യാനന്ദ എന്‍ജിനിയറിംഗ് കോളജ് ഉള്‍പ്പെടെയുള്ള പത്തോളം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. ലോക പ്രശസ്ത ആത്മീയ കേന്ദ്രങ്ങളായ ആനന്ദാശ്രമം, നിത്യാനന്ദാശ്രമം എന്നിവിടങ്ങളിലേക്കുള്ള തീര്‍ഥാടകരും കാഞ്ഞങ്ങാട്ട് സ്ഥിതി ചെയ്യുന്ന നിരവധി ജില്ലാതല സര്‍ക്കാര്‍ ഓഫിസുകളിലെ ജീവനക്കാരും കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്.
വരുമാനത്തിന്റെ കാര്യത്തിൽ ജില്ലയില്‍ രണ്ടാം സ്ഥാനത്തുള്ളതും പ്രതി വര്‍ഷം 20 കോടിയിലധികം വരുമാനമുള്ളതും 50 ലക്ഷത്തോളം യാത്രക്കാര്‍ ആശ്രയിക്കുന്നതുമായ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുമ്പോള്‍ അധികൃതര്‍ വിവേചനം കാണിക്കുന്നുവെന്നാണ് ആക്ഷേപം.
കാഞ്ഞങ്ങാടിന്റെ മൂന്നിലൊന്ന് വരുമാനം മാത്രമുള്ള ചെറിയ സ്റ്റേഷനുകളില്‍ പോലും രാമേശ്വരം എക്സ്പ്രസ് പോലുള്ള ദീര്‍ഘദൂര വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചപ്പോള്‍ കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ എറണാകുളം ഭാഗത്തേക്കുള്ള മംഗള എക്സ്പ്രസിന്റെയും കോയമ്പത്തൂര്‍ ജബല്‍പുര്‍ എക്സ്പ്രസിന്റെയും സ്റ്റോപ്പ് പോലും കാഞ്ഞങ്ങാട്ട് പുനഃസ്ഥാപിച്ചിട്ടില്ല.
ഈ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കുന്നതോടൊപ്പം രാമേശ്വരം എക്സ്പ്രസ്, മംഗളുരു നാഗര്‍കോവില്‍ അന്ത്യോദയ എക്സ്പ്രസ്, പുണെ-എറണാകുളം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്, പുതുച്ചേരി -മംഗളുരു എക്സ്പ്രസ്, മരുസാഗര്‍ എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് അടിയന്തരമായി കാഞ്ഞങ്ങാട്ട് സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ആവശ്യം.
ഇക്കാര്യം ഉന്നയിച്ച് രാജ് മോഹന്‍ ഉണ്ണിത്താന് എം പി യും നഗരസഭാ ചെയര്‍പേഴ്സൺ വി.വി. രമേശനും കേന്ദ്ര റെയിൽവേ മന്ത്രിക്കും ഉന്നതാധികാരികള്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യാത്രക്കാരുടെ വിവിധ സംഘടനകള്‍ വ്യക്തമാക്കി. സമര പരിപാടികളുടെ ഭാഗമായി 24നു കാഞ്ഞങ്ങാട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ ഏകദിന നിരാഹാരസമരവും ഒപ്പു ശേഖരണവും സംഘടിപ്പിച്ചിട്ടുണ്ട്.