കോഴിക്കോട്: ജില്ലയില്‍ മഴശക്തമായി തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടും നാശനഷ്ടങ്ങളും തുടരുകയാണ്. ഇന്നും ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴതുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമല്ല. കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയിൽ റെഡ് അലർട്ട് തുടരുന്നു.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്നലെ തുറന്ന രണ്ട് സ്പിൽവേ ഗേറ്റുകളും നിലവിൽ 0.25 അടി വീതം തുറന്ന നിലയിലാണ്. നിലവിൽ 33.0672 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് സംഭരണിയിലുള്ളത്. ഇത് സംഭരണശേഷിയുടെ 97.31 ശതമാനമാണ്.കഴിഞ്ഞ 24 മണിക്കൂറിൽ കക്കയം മേഖലയിൽ 104 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ജൂൺ ഒന്നു മുതൽ ഇതുവരെ ആകെ 2990 മില്ലിമീറ്റർ മഴ ലഭിച്ചു.
വിവിധ താലൂക്കുകളിലായി ആരംഭിച്ച 32 ദുരിതാശ്വാസ ക്യാമ്പുകളില്‍ 964 പേര് കഴിയുന്നുണ്ട്. ആകെ 367 കുടുംബങ്ങളിലെ 394 പുരുഷന്മാരും 447 സ്ത്രീകളും 180 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. കോഴിക്കോട് താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പേര് ക്യാമ്പുകളില്‍ കഴിയുന്നത്. ഇവിടെ 15 ക്യാമ്പുകളിലായി 260 കുടുംബങ്ങളിലെ 701 പേരാണ് കഴിയുന്നത്. ഇതില്‍ 283 പുരുഷന്മാരും 312 സ്ത്രീകളും 116 കുട്ടികളും ഉള്‍പ്പെടുന്നു.
താമരശേരിതാലൂക്കിലെ അഞ്ച് ക്യാമ്പുകളിലായി 57 കുടുംബങ്ങളിലെ 164 പേരും, വടകര താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി 40 കുടുംബങ്ങളിലെ 77 പേരും, കൊയിലാണ്ടി താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി അഞ്ച് കുടുംബങ്ങളിലെ 18 പേരും കഴിയുന്നുണ്ട്.
കോടഞ്ചേരിയിൽ മണ്ണിടിച്ചിൽ
കോടഞ്ചേരി: ശക്തമായ മഴയിൽ കോടഞ്ചേരി പുലിക്കയത്ത് താമസിക്കുന്ന മനോജ് കൊച്ചു പടിയറ, തേവർവയൽ ഭാഗത്ത് താമസിക്കുന്ന ലിസി പുളിക്കൽ എന്നിവരുടെ വീടിന് പുറകിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം. മനോജ് കൊച്ചു പടിയറയുടെ വീട്ടിലേക്ക് സ്ഥാപിച്ചിരിക്കുന്ന പൈപ്പ് ഫിറ്റിംഗ്സ് എല്ലാം പൊട്ടി നശിച്ചിട്ടുണ്ട്. ലിസി പുളിക്കലിന്റെ വീടിനു പുറകിൽ സ്ഥാപിച്ചിരുന്ന വാഷിംഗ് മെഷീൻ പൂർണമായി നശിച്ചു.
കടകളിൽ വെള്ളം കയറി
ബാലുശേരി:എടവണ്ണ–കൊയിലാണ്ടി സംസ്ഥാനപാതയിൽ ബാലുശേരി മുക്ക് താലൂക്ക് ആശുപത്രിക്ക് സമീപം നിലവിൽ ഡ്രൈനേജ് സംവിധാനം ഉണ്ടായിട്ടും മഴവെള്ളം ശരിയായി ഒഴുകിപ്പോകാത്തത് പ്രദേശത്ത് വലിയ ദുരിതമുണ്ടാക്കുന്നു. വെള്ളം റോഡിൽ നിന്ന് സമീപത്തെ കടകളുടെ വരാന്തയിലൂടെ ഒഴുകുന്നതിനെ തുടർന്ന് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ടാണ് നേരിടേണ്ടിവരുന്നത്.പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും കച്ചവടക്കാരും വി.ടി. സുരജ് എംഎല്‍എ , പഞ്ചായത്ത് അധികൃതര്‍ , പഞ്ചായത്ത് അധികൃതർ എന്നിവര്‍ക്ക് പരാതി നൽകിയിട്ടുണ്ട്.
നൂറോളം വീടുകളിൽ വെള്ളം കയറി
പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ കടിയങ്ങാട്, മഹിമ, സൂപ്പിക്കട, കുളക്കണ്ടം, കന്നാട്ടി, ഒറ്റക്കണ്ടം എന്നിവിടങ്ങളിലായി നൂറോളം വീടുകളിൽ വെള്ളം കയറി. മിക്കയാളുകളും ബന്ധു വീടുകളിലേക്കും അയൽ വീടുകളിലേക്കും മാറി താമസിച്ചു.
പഞ്ചായത്ത് കടിയങ്ങാട് എൽപി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് വീടുകളിൽ വെള്ളം കയറിയ 14 പേരെ മാറ്റി താമസിപ്പിച്ചു. ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയിൽ, വൈസ് പ്രസിഡന്റ് എസ്.സുനന്ദ്, ചങ്ങരോത്ത് വില്ലേജ് ഓഫീസർ പ്രജില എന്നിവരുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
വെള്ളപ്പൊക്കബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പും പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹലീയ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എരവത്ത് മുനീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.കെ. ഹനീഫ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറമ്മൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജൻ മരുതേരി, കെ.കെ. സുവർണ്ണ, യു. അനിത, തുടങ്ങിയവർ സന്ദർശിച്ചു. ആരോഗ്യ പ്രവർത്തകർ, ഇആർടി അംഗങ്ങൾ, യുവജന സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കൂത്താളിയിലെ വീടുകളിൽ വെള്ളം കയറി
കൂത്താളി: കൂത്താളി പഞ്ചായത്തിലെ പഷ്ണിപറമ്പ് പ്രദേശത്തുള്ള നിരവധി വീടുകളിൽ വെള്ളം കയറി. ചെറു പുഴ നിറഞ്ഞു കവിഞ്ഞുള്ള വെള്ളം കാർഷിക വിളകൾക്കും നാശമുണ്ടാക്കി.
വീടുകളിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഉൾപ്പെടെ വെള്ളം കയറിയ അവസ്ഥയിൽ ആണ്. തലപൊയിൽ രാധാകൃഷ്ണൻ, പഷണിപറമ്പിലെ വേണു, പുഷ്പരാജൻ, നന്ദനൻ എന്നിവരുടെ വീടുകൾ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ തണ്ടോറ. വാർഡ്മെമ്പർ രവീന്ദ്രൻ കേളോത്ത് എന്നിവർ സന്ദർശിച്ചു