തൃശൂർ: ചെളിയിലും വെള്ളക്കെട്ടിലും മറഞ്ഞിരിക്കുന്ന കുഴിയിൽവീണ് പരിക്കേൽക്കാതെയും തലങ്ങും വിലങ്ങും ഓടുന്ന ബസുകൾക്കടിയിൽപെടാതെയും ഭാഗ്യമുണ്ടെങ്കിൽ കെഎസ്ആർടിസി സ്റ്റാൻഡിനകത്തുകൂടി കാത്തിരിപ്പുപുരയിലെത്താം. തകരഷീറ്റ് മേഞ്ഞ പരിമിതസൗകര്യം മാത്രമുള്ള ചെറിയ ഷെഡിൽ എത്തിപ്പെട്ടാലും ഇരിക്കുന്നതും നിൽക്കുന്നതും ചെളിയിൽതന്നെ. ദിനംപ്രതി നൂറുകണക്കിനു യാത്രക്കാരെത്തുന്ന തൃശൂർ കെ എസ്ആർടിസി ബസ് സ്റ്റാൻഡിന്റെ അവസ്ഥയാണിത്.
മഴക്കാലമായതോടെ ജീവൻ പണയംവച്ചാണ് യാത്രക്കാർ ബസ് കയറുന്നത്. ബസുകൾ സ്റ്റാൻഡിലേക്കു കയറുന്ന ഭാഗത്ത് റോഡ് തകർന്നനിലയിലാണ്. ഇടതുവശത്തുള്ള വർക്ക്ഷോപ്പിന്റെ ഭാഗത്തും ചെളിയും വെള്ളക്കെട്ടും.
പഴയ കെഎസ്ആർടിസി കെട്ടിടത്തിന്റെ സ്ഥാനത്ത് ഇപ്പോൾ ബസുകൾ നിർത്തിയിടുന്ന ഭാഗത്തു വൻകുഴികളും വെള്ളക്കെട്ടും. നടുവിൽ ബസ് നിർത്തിയിടുന്നതും ആളുകൾ നടക്കുന്നതുമായ ഭാഗത്ത് എണ്ണമറ്റ കുഴികളും ചെളിവെള്ളവും. കാത്തിരിപ്പുപുരയിൽ കസേരകൾക്കടിയിലേക്കുവരെ ചെളിവെള്ളം കയറുന്നു. ഇരുന്നാലും നിന്നാലും മഴപെയ്താൽ നനഞ്ഞുകുതിരുമെന്നതാണു സ്ഥിതി.
മൂത്രപ്പുരയുടെ ഭാഗത്തെ ടൈലുകൾ ചെളി ചവിട്ടിക്കയറ്റി കുഴഞ്ഞുകിടക്കുന്ന നിലയിലാണ്. ഫാമിലി വെയ്റ്റിംഗ് റൂമിലേക്കു കയറുന്ന ഭാഗത്തും സ്ഥിതി വ്യത്യസ്തമല്ല. ടീഷോപ്പിൽനിന്ന് ലഘുഭക്ഷണം കഴിക്കാനും ചെളിയിൽ ചവിട്ടിനിൽക്കണം. കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ കാബിനുകൾ പ്രവർത്തിക്കുന്നതാകട്ടെ മൂത്രപ്പുരയോടു ചേർന്നുള്ള വൃത്തിഹീനമായ അന്തരീക്ഷത്തിൽ.
ബസുകൾ സ്റ്റാൻഡിൽനിന്നു പുറത്തേക്കു പോകുന്ന ഭാഗത്തു റോഡിനോടു ചേർന്നുമുണ്ട് വെള്ളക്കെട്ടും ചെളിയും. ഇതിലൂടെയാണ് യാത്രക്കാരിലേറെയും കയറിവരുന്നത്. ദിനംപ്രതി 1200ൽ അധികം ബസുകൾ വന്നുപോകുന്ന സ്റ്റാൻഡിന്റെ ദയനീയാവസ്ഥ.