ആലപ്പുഴ: മഴ കുറഞ്ഞതിനാൽ തോടുകളിലും നദികളിലും ജലനിരപ്പ് താഴ്ന്നത് കുട്ടനാട്ടിലെ രണ്ടാം കൃഷിയുടെ താളം തെറ്റിക്കുന്നു. 30 ശതമാനം മഴക്കുറവാണ് ജില്ലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 9,300 ഹെക്ടറിലാണ് കുട്ടനാട്ടിൽ ഇത്തവണ രണ്ടാം കൃഷി നടക്കുന്നത്.
വിത്ത് എത്താൻ ഒരു മാസത്തോളം വൈകിയതിനാൽ വിത താമസിച്ചിരുന്നു. വിതച്ച് 15 ദിവസം കഴിയുമ്പോൾ അടിയിലുള്ള കളകൾ(അടിക്കള) കളയാൻ കളനാശിനി പ്രയോഗിക്കണം.
കാക്കപ്പോള, ചെല്ലിപുല്ല്, കോരപുല്ല് എന്നിവയാണ് രണ്ടാം കൃഷിയിലെ പ്രധാന കളകൾ. കളനാശിനി അടിച്ച ശേഷം 48 മണിക്കൂർ കഴിയുമ്പോൾ പാടത്ത് വെള്ളം കയറ്റും. പിന്നീട് നാലഞ്ചു ദിവസം ഇങ്ങനെ ഇട്ടതിനുശേഷമാണ് വെള്ളമിറക്കുന്നത്.
തോട്ടിൽ വെള്ളം കുറവായതിനാൽ ഒരു പാടത്ത് കളനാശിനി അടിച്ച് വെള്ളം കയറ്റിയിട്ടശേഷം, അത് പമ്പ് ചെയ്ത് പുറത്തുകളഞ്ഞാലേ നിലവിൽ മറ്റൊരു പാടത്ത് കളനാശിനിയടിച്ച ശേഷം വെള്ളം കയറ്റിയിടാനാകൂ എന്നതാണ് സ്ഥിതി. ഇതിനാൽ കളനാശിനി പ്രയോഗം താമസിക്കുകയാണ്. തോട്ടപ്പള്ളി സ്പിൽവേ തകർന്നു കിടക്കുകയാണ്. കുട്ടനാട്ടിൽ ജലനിരപ്പ് താഴ്ന്നാൽ ഇവിടെ നിന്നുള്ള ഉപ്പു ജലം പാടങ്ങളിലേക്കെത്തുകയും കൃഷി തന്നെ നശിക്കുകയും ചെയ്യും. .
വെള്ളക്കുറവ് വളപ്രയോഗത്തെയും ബാധിക്കും. ഫാക്ടംഫോസ്, പൊട്ടാഷ്, യൂറിയ എന്നിവയാണ് ആദ്യ വളപ്രയോഗത്തിൽ നൽകുന്നത്. വളപ്രയോഗ ശേഷം വെള്ളം കയറ്റിയില്ലെങ്കിൽ നെൽച്ചെടികൾ കരിഞ്ഞുണങ്ങും.
പൊതുവിൽ രണ്ടാം കൃഷി ഇറക്കിയ കർഷകർക്ക് കൃഷിയുമായി മുന്നോട്ടു പോകാൻ നിവൃത്തിയില്ലാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണ്.