Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തിപ്പെട്ടതിനു പിന്നാലെ കാലവർഷം നേരത്തേ പെയ്തുതുടങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. സാധാരണയായി ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന കാലവർഷം ഇക്കുറി മേയ് അവസാനത്തോടെതന്നെ പെയ്തുതുടങ്ങുമെന്നാണ് നിഗമനം.
16-ാം തീയതിയോടെ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ ദ്വീപുകളിലും കാലവർഷം വരവറിയിക്കുമെന്നാണ് നിലവിലെ നിഗമനം. ആൻഡമാൻ ദ്വീപ സമൂഹങ്ങളിൽ കാലവർഷമെത്തിയാൽ രണ്ടാഴ്ചയ്ക്കുള്ളിൽ കേരളത്തിലും കാലവർഷം പെയ്തു തുടങ്ങും.
അതേസമയം സംസ്ഥാനത്ത് വേനൽമഴ ശക്തമായി തുടരുകയാണ്. വേനൽമഴയിലുണ്ടായിരുന്ന ഗണ്യമായ കുറവ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ ഏറെക്കുറെ പരിഹരിക്കപ്പെട്ടു. മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ 215.9 മില്ലിമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് 174.3 മില്ലിമീറ്റർ മഴ പെയ്തതായും മഴക്കുറവ് 19 ശതമാനമായി ചുരുങ്ങിയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
വരും ദിവസങ്ങളിലും വേനൽമഴ ശക്തമായി തുടരും. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അതിതീവ്രമായതും കേരളത്തിൽ മഴയുടെ ശക്തിക്ക് ആക്കം കൂട്ടിയേക്കും.
11 ജില്ലകളിൽ വിവിധ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ശനിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
Kerala
തൊടുപുഴ: വൈദ്യുതി വകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി അവശേഷിക്കുന്നത് 30 ശതമാനം വെള്ളം. മുന്‍ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ എട്ടുശതമാനം കുറവാണിത്.
ഇടുക്കി അണക്കെട്ടില്‍ 2331.51 അടിവെള്ളമാണുള്ളത്. സംഭരണ ശേഷിയുടെ 31 ശതമാനമാണിത്. മുന്‍ വര്‍ഷം ഇതേ ദിവസം 2342.24 അടിയായിരുന്നു ജലനിരപ്പ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10.73 അടി വെള്ളം കുറവാണ്.
സംസ്ഥാനത്തെ വലിയ അണക്കെട്ടുകളടങ്ങുന്ന ഗ്രൂപ്പ് ഒന്നില്‍ 30 ശതമാനവും രണ്ടില്‍ 28 ശതമാനവും മൂന്നില്‍ 44 ശതമാനവുമാണ് ജലനിരപ്പ്. കടുത്ത ചൂടിനെ തുടര്‍ന്നു സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റിക്കാര്‍ഡ് ഭേദിച്ചതോടെ ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് ഉത്പാദനം വര്‍ധിപ്പിച്ചിരുന്നു. പീക്ക് ലോഡ് സമയത്താണ് ഉത്പാദനം കൂടുതല്‍. ഇതേ തുടര്‍ന്നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി താഴുന്ന സാഹചര്യമാണ്.
കഴിഞ്ഞ ഏഴു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ് ഇപ്പോള്‍ ഇവിടത്തെ ജലനിരപ്പ്. ചൊവ്വാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലായിരുന്നിട്ടും വൈദ്യുതി ഉപയോഗത്തില്‍ കാര്യമായ കുറവുണ്ടായില്ല. 117.009 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം. പലയിടത്തും വേനല്‍മഴ ലഭിച്ചിട്ടും ചൂട് കുറയാത്തതാണ് ഉപഭോഗം കൂടാന്‍ പ്രധാന കാരണം.
അതേസമയം പരിമിതമായ വൈദ്യുതി നിയന്ത്രണം മാത്രമാണ് ചൊവ്വാഴ്ച സംസ്ഥാനത്ത് വേണ്ടിവന്നതെന്നും റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ച 200 മെഗാവാട്ട് വൈദ്യുതിയും കേന്ദ്ര ഉത്പാദന നിലയങ്ങളില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതിയും എത്തിയതോടെ സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കൃത്യമായി വൈദ്യുതി ലഭ്യമാക്കാന്‍ കഴിഞ്ഞതായും കെഎസ്ഇബി അറിയിച്ചു.
മധ്യ തെക്കന്‍ പ്രദേശങ്ങളില്‍ വേനല്‍മഴ ലഭിച്ചിട്ടും വൈദ്യുതി ഉപയോഗത്തില്‍ കാര്യമായ കുറവുണ്ടാകാത്ത സാഹചര്യമാണെന്നും വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കി.
ഉയര്‍ന്ന ലോഡ് മൂലം പ്രസരണ വിതരണ ശൃംഖലയ്ക്ക് താങ്ങാനാകാത്ത സമ്മര്‍ദം ഉണ്ടാകുന്ന സാഹചര്യത്തില്‍ മാത്രം അരമണിക്കൂറില്‍ താഴെയുള്ള വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ലോഡ് ഡെസ്പാച്ച് സെന്ററിന്റെ ചുമതലയുള്ള ചീഫ് എന്‍ജിനിയര്‍ക്ക് കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡിന്റെ ഉന്നതതല യോഗം അനുമതി നല്‍കിയിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ ഇതു തെറ്റായി വ്യാഖ്യാനിച്ച് കേളത്തില്‍ ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത നല്‍കിയത് ഖേദകരമാണെന്നും ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
Kerala
തിരുവന്തപുരം: പൊള്ളുന്ന ചൂടിൽ ആശ്വാസമായി കേരളത്തിൽ വേനൽമഴ തുടങ്ങി. ചൊവ്വാഴ്ച മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായി മഴ പെയ്തു. വടക്കൻ കേരളത്തിൽ ചൊവ്വാഴ്ച വൈകുന്നേരം വരെ മഴ കുറവായിരുന്നു. വ്യാഴാഴ്ച മുതൽ സംസ്ഥാനത്താകെ മഴ കൂടുതൽ ശക്തമാകും. വിവിധ ദിവസങ്ങളിലായി എട്ട് ജില്ലകൾക്ക് മഞ്ഞ മഴ മുന്നറിയിപ്പ് നൽകി.
വ്യാഴാഴ്ച കണ്ണൂരും കാസർഗോഡും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലുമാണ് കനത്തമഴയ്ക്ക് സാധ്യത.
ശനിയാഴ്ചവരെ ഉച്ചയ്ക്കുശേഷം ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. ശനിയാഴ്ചയ്ക്കുശേഷം ഏതാനും ദിവസം മഴ കുറയും. അതിനുശേഷം വീണ്ടും സജീവമാകും. മേയ് പകുതിയോടെ കൂടുതൽ മഴ പെയ്യാനും സാധ്യതയുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശം നൽകി ദുരന്തനിവാരണ അഥോറിറ്റി. ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പില്ലെങ്കിലും താപനില ഉയരാൻ സാധ്യതയുള്ളതിനാൽ കർശന മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. മറ്റ് ജില്ലകളിലും സാധാരണയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ലോക്ഡൗണിന് സമാനമായ ജാഗ്രത പകൽ സമയങ്ങളിൽ പാലിക്കണമെന്നാണ് നിർദേശം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം.
എന്നാൽ ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി മറ്റന്നാൾ മുതൽ സംസ്ഥാനത്ത് വേനൽമഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഉഷ്ണതരംഗ സാഹചര്യവും ഉച്ചവെയിലിലെ ജോലി നിയന്ത്രണങ്ങളും വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11 ന് ഓൺലൈനായി ചേരുന്ന യോഗത്തിൽ മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അഥോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. വിവിധ ജില്ലകളിലെ സാഹചര്യം വിലയിരുത്തി ആവശ്യമായ തുടർനടപടികൾ യോഗം തീരുമാനിക്കും. പകൽ 11 മുതൽ മൂന്ന് വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കുംഭ മാസം പകുതി പിന്നിട്ടിട്ടും വേനൽമഴ കരുത്താർജിക്കാത്തതിനാൽ കൊടുംചൂടിൽ വലഞ്ഞ് സംസ്ഥാനം. വരവറിയിച്ചെങ്കിലും വേനൽമഴ ശക്തമാകാത്തതാണ് സംസ്ഥാനത്തെ പ്രതിസന്ധിയിലാഴ്ത്തുന്നത്. കുടിവെള്ള ക്ഷാമത്തിനൊപ്പം കാർഷിക മേഖലയെ അടക്കം മഴക്കുറവ് സാരമായി ബാധിക്കുമെന്നാണ് ആശങ്കയാണ്.
ഇടവിട്ട് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ മഴ ലഭിക്കുന്നുണ്ടെങ്കിലും ചൂട് കുറയാൻ ഇത് പര്യാപ്തമല്ലെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്. അതേസമയം വരുംദിവസങ്ങളിലും ഇടവിട്ടുള്ള വേനൽമഴ തുടരുമെന്നും അടുത്ത ആഴ്ചയോടെ മഴ കൂടുതൽ ശക്തിപ്രാപിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.
ബുധനാഴ്ച വരെ നേരിയ, ഇടത്തരം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. പത്തനംതിട്ട, പാലക്കാട്, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട് ജില്ലകളിലാണ് മഴ ലഭ്യമാകുക. അറബിക്കടലിലെ ചക്രവാതച്ചുഴി കേരളത്തിൽ മഴ ശക്തമാക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം ജനുവരി-ഫെബ്രുവരി മാസങ്ങളിൽ സംസ്ഥാനത്ത് 116 ശതമാനം അധിക മഴ ലഭിച്ചു.കഴിഞ്ഞ വർഷം ഇതേകാലയളവിൽ 66 ശതമാനം മഴക്കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഈ വർഷം ജനുവരി ഒന്നു മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് പെയ്തത് 45.6 മില്ലീമീറ്റർ മഴയാണ്. 21.1 മില്ലിമീറ്റർ പെയ്യേണ്ട സ്ഥാനത്താണ് ഇതെന്നും മിക്ക ജില്ലകളിലും ശരാശരി മഴ ലഭിച്ചെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.