ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ (ഇടത്തേയറ്റം) നേതൃത്വത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഹാമിൽട്ടണിൽ എത്തിയപ്പോൾ.
ഹാമില്ട്ടണ്: ഓക്ലന്‍ഡും വെല്ലിംഗ്ടണും കടന്ന് ടീം ഇന്ത്യ ഹാമില്‍ട്ടണില്‍. ന്യൂസിലന്‍ഡിന് എതിരായ ആദ്യ രണ്ട് ഏകദിനത്തിലും മഴയില്‍ പിച്ച് സ്വഭാവം മാറ്റിയപ്പോള്‍, ഇന്ത്യന്‍ പേസര്‍മാര്‍ അതിന്റെ ഫലം നുകര്‍ന്നു. അതോടെ ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീം ഇന്ത്യ 2-0ന്റെ ലീഡും സ്വന്തമാക്കി.
അഞ്ചു മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിനു വേദിയാകുന്നത് ഹാമില്‍ട്ടണിലെ സെഡണ്‍ പാര്‍ക്ക്. ആദ്യ രണ്ട് ഏകദിനവും പോലെ 50 ഓവര്‍ മത്സരം ഇന്നും നടക്കാനുള്ള സാധ്യത കുറവാണ്. കാരണം, ഇന്നലെ ടീം ഇന്ത്യയുടെ പരിശീലന സെഷന്പോലും മഴയില്‍ മുടങ്ങി. തുടര്‍ന്ന് ഇന്‍ഡോറിലാണ് ഇന്ത്യന്‍ ടീം പരിശീലനം പൂര്‍ത്തിയാക്കി മടങ്ങിയത്. ഇന്നും മഴയില്‍ മത്സരം മുടങ്ങുമെന്നാണ് കാലാവസ്ഥാ പ്രവചനം.
മഴയെത്തും; ടോസ് മുഖ്യം
ടോസ് ഏറ്റവും നിര്‍ണായകമാകുന്ന പരമ്പരയാണിതെന്നതാണ് ശ്രദ്ധേയം. മഴയില്‍ പിച്ച് സ്വഭാവം മാറുമെന്നതിനാല്‍ അല്ല ടോസിന്റെ പ്രാധാന്യം വര്‍ധിച്ചിരിക്കുന്നത്. ടോസ് നേടുന്ന ടീം ബൗളിംഗ് തെരഞ്ഞെടുക്കുമെന്നതില്‍ തര്‍ക്കമില്ല. അതോടെ എത്രയാണു ലക്ഷ്യമെന്നു ചേസിംഗ് ടീമിനു വ്യക്തമാകും. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ആദ്യ രണ്ട് ഏകദിനത്തിലും ഇന്ത്യ ജയിച്ചത്. രണ്ടാം ഏകദിനത്തില്‍ പാക് സ്കോറില്‍ ഇന്ത്യ നാലു റണ്‍സ് മുന്നിലായിരുന്നു. അതോടെ നാലു റണ്‍സ് ജയം നേടി. ഈ സാഹചര്യങ്ങള്‍ ഇന്നും ഉണ്ടാകുമെന്നതാണ് ടോസിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്.
ബൗണ്ടറികളുടെ എണ്ണവും ഈ പശ്ചാത്തലത്തില്‍ നിര്‍ണായകം. വെല്ലിംഗ്ടണില്‍ ചേസ് ചെയ്ത ഇന്ത്യ പാര് സ്കോര്‍ അടിസ്ഥാനത്തില്‍ നാലു റണ്‍സ് ജയം സ്വന്തമാക്കിയപ്പോള്‍, ആകെ നേടിയ 113 റണ്‍സില്‍ ഇന്ത്യ ബൗണ്ടറികളിലൂടെ സ്വന്തമാക്കിയത് 78. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്സ് 41 ഓവറില്‍ 134ല്‍ അവസാനിച്ചിരുന്നു. ആതിഥേയര്‍ ബൗണ്ടറികളിലൂടെ നേടിയത് 60 റണ്‍സ് മാത്രം. ട്വന്റി-20യിലൂടെ ആരംഭിച്ച ഇന്ത്യ x ന്യൂസിലന്‍ഡ് പരമ്പരയില്‍ ഇതുവരെ നടന്നത് ഏഴു മത്സരങ്ങള്‍. അതില്‍ ഒരു തവണ മാത്രമാണ് ന്യൂസിലന്‍ഡിനു ടോസ് ലഭിച്ചത്.
50 ഓവര്‍ ഇനിയും അകലെ
പരമ്പരയില്‍ ഇതുവരെ ഒരു ഇന്നിംഗ്സില്പോലും 50 ഓവര്‍ പൂര്‍ത്തിയായിട്ടില്ലെന്നതും ശ്രദ്ധേയം. ഓക്ലന്‍ഡിലെ ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 40.2 ഓവറില്‍ 185നു പുറത്ത്. മഴയെത്തുടര്‍ന്ന് ലക്ഷ്യം 143 ആക്കി തിരുത്തപ്പെട്ടപ്പോള്‍ ഇന്ത്യ 22.4 ഓവറില്‍ ജയം നേടി.
വെല്ലിംഗ്ടണില്‍ ആദ്യം ക്രീസിലെത്തിയ കിവീസ് 41 ഓവറില്‍ 134നു പുറത്ത്. 26 ഓവറില്‍ 113/7 എന്ന നിലയില്‍ നിന്ന ഇന്ത്യ പാര് സ്കോര്‍ റേറ്റിംഗിലൂടെ ജയം സ്വന്തമാക്കി. ആകെ 130 ഓവര്‍ മാത്രമാണ് ആദ്യ രണ്ട് ഏകദിനത്തിലായി മത്സരം നടന്നത്.
ആതിഥേയര്‍ അങ്കലാപ്പിൽ
2019നുശേഷം ഇന്ത്യന്‍ പുരുഷ ഏകദിന ക്രിക്കറ്റ് ടീം ന്യൂസിലന്‍ഡില്‍ ഒരു പരമ്പര സ്വന്തമാക്കുന്നതിന്റെ വക്കിലാണ്. ഡെവോണ്‍ കോണ്‍വെ, രചിന് രവീന്ദ്ര തുടങ്ങിയവര്‍ പരിക്കേറ്റു പുറത്തു പോയതോടെ ബാറ്റിംഗ് കരുത്ത് ചോര്‍ന്ന കിവീസ് വിയര്‍ക്കുന്നതാണ് കണ്ടത്.
കഴിഞ്ഞ 11 ഹോം ഏകദിന പരമ്പരയും ന്യൂസിലന്‍ഡ് സ്വന്തമാക്കിയിരുന്നു. ഈ തുടര്‍പരമ്പര ജയത്തിനാണ് ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്.
അതേസമയം, ഹാമില്‍ട്ടണില്‍ എക്കാലവും ആധിപത്യം പുലര്‍ത്തിയിരിക്കുന്നത് ആതിഥേയര്തന്നെയാണ്. ഇവിടെ 40 മത്സരങ്ങള്‍ കളിച്ച ന്യൂസിലന്‍ഡ്, 28 ജയം സ്വന്തമാക്കി. ഏഴ് എണ്ണത്തില്‍ മാത്രമാണു പരാജയപ്പെട്ടത്. ടീം ഇന്ത്യ ഈ മൈതാനത്തു കളിച്ച എട്ടു മത്സരങ്ങളില്‍ ഒരു ജയം മാത്രമേ നേടിയുള്ളൂ. ആറു മത്സരങ്ങളില്‍ പരാജയപ്പെട്ടപ്പോള്‍, ഒരെണ്ണം സമനിലയില്‍ കലാശിച്ചു.