തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച രാത്രി തുടങ്ങിയ ശക്തമായ മഴയിൽ കനത്ത നാശനഷ്ടം. മൂന്നുകുട്ടികളടക്കം ഒൻപതു ജീവനുകൾ നഷ്ടമായി. ആറു പേരെ കാണാതായി. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വീടും കൃഷിയിടങ്ങളും അടക്കം വ്യാപക നാശനഷ്ടമുണ്ടായി.
മഴയിലും ഉരുൾപൊട്ടലിലും വീടുകൾ തകർന്നും ഒഴുക്കിൽപെട്ടും വെള്ളക്കെട്ടിൽ വീണും ഷോക്കേറ്റുമാണ് മിക്ക ജീവനുകളും നഷ്ടമായത്. ഹെക്ടർ കണക്കിന് കൃഷിയും നാശവുമുണ്ടായതാണ് പ്രാഥമിക വിവരം.
തിരുവനന്തപുരം മുതലപ്പൊഴിയിലും വിഴിഞ്ഞത്തും മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞ് അഞ്ചുപേരെയാണ് കാണാതായത്. ഇവർക്കായി രാത്രിയിലും തെരച്ചിൽ തുടരുകയാണ്. മുതലപ്പൊഴിയിൽ കാണാതായവരുടെ തെരച്ചിലിനായി നാവികസേനയുടെ സഹായം സർക്കാർ തേടി.
പത്തനംതിട്ട, ഇടുക്കി, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളുടെ മലയോര മേഖലയിൽ മഴ അതിതീവ്രമായിരുന്നു. റാന്നി, ഈരാട്ടുപേട്ട അടക്കമുള്ള പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. സംസ്ഥാനത്തെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പ്രവേശനം നിരോധിച്ചു.
ദുരന്തമുണ്ടായ ജില്ലകളിലെല്ലാം ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. ജലനിരപ്പ് ഉയർന്നതോടെ കല്ലാർകുട്ടി, നെയ്യാർ, അരുവിക്കര, പേപ്പാറ ഡാമുകളുടെ ഷട്ടറുകൾ തുറന്നു.
കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിതോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് തകർന്ന് മണക്കാട്ട് റജീന ജോണി, മകൻ ജോസഫിൻ ജോണി, പുതുപ്പള്ളി വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് 11 വയസുകാരൻ മിലൻ കെ.ഷിജു എന്നിവർ മരിച്ചു.
ഇടുക്കി അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ തൊടുപുഴ കുടയത്തൂർ സ്വദേശി സുമതി, പീരുമേട് വാഗമണിലുണ്ടായ ഉരുൾപൊട്ടലിൽ വൈക്കം സ്വദേശി പ്രഭാകരൻ നായർ, മലപ്പുറം കൊണ്ടോട്ടി നീറാട് തോട്ടിൽ വീണ് നാല് വയസുകാരൻ ആദം അയ്മൻ, വണ്ടൂരിൽ ഒഴുക്കിൽപെട്ട് മൂന്നുവയസുകാരൻ അബ്ദുൾ മുഹൈനി, വയനാട് പടിഞ്ഞാറെത്തറയിൽ കുളത്തിൽ നിന്ന് വെള്ളം പന്പു ചെയ്യാൻ ശ്രമിക്കവേ ഷോക്കേറ്റ് മാഞ്ഞൂർ സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്.
കൊല്ലം നീണ്ടകരയിൽ വ്യാഴാഴ്ച രാവിലെ വള്ളം മറിഞ്ഞു കാണാതായ പുത്തൻതുറ സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തി. കാണാതായ മറ്റൊരാൾക്കായി തെരച്ചിൽ തുടരുകയാണ്.
സംസ്ഥാനത്തൊട്ടാകെ 65 ദുരുതാശ്വാസ ക്യാമ്പുകൾ തുറന്നു. 1465 പേർ ക്യാമ്പുകളിലുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള സജ്ജീകരണം ഏർപ്പെടുത്തയിട്ടുണ്ട്. 17 വീടുകൾ പൂർണമായും 127 വീടുകൾ ഭാഗികമായും തകർന്നു.
മരണപ്പെട്ടവരുടെ കുടുംബാഗങ്ങൾക്കും വീടുകളും കൃഷിയും ജീവനോപാദികളും നഷ്ടപ്പെട്ടവർക്കും സർക്കാർ മതിയായ ധനസഹായം നൽകും. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും. ഏത് ആവശ്യത്തിനും സർക്കാർ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.