ന്യൂഡൽഹി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിലൂടെ ആറു സംസ്ഥാനങ്ങളിൽനിന്നായി പുറത്താക്കപ്പെട്ടത് ഏകദേശം 1600 വിദേശികൾ മാത്രമെന്നു റിപ്പോർട്ട്.
വോട്ടർപട്ടികയുടെ വലിപ്പവും ഒഴിവാക്കപ്പെട്ടവരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ, വിദേശികളെന്നു ചൂണ്ടിക്കാട്ടി പുറത്താക്കപ്പെട്ടവരുടെ എണ്ണം വളരെ കുറവാണെന്നാണ് ദേശീയ മാധ്യമത്തിന്റെ കണ്ടെത്തൽ.
അനധികൃതമായി വോട്ടർപട്ടികയിൽ ഇടംനേടിയ വിദേശ കുടിയേറ്റക്കാരെ പുറത്താക്കുകയാണ് എസ്ഐആറിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ, പുറത്താക്കപ്പെട്ട വിദേശ വോട്ടർമാരുടെ എണ്ണത്തിലെ കുറവ് ഇപ്പോൾ കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്. കർണാടക, ജാർഖണ്ഡ്, മേഘാലയ, കേരളം, ഗോവ, മിസോറം സംസ്ഥാനങ്ങളിലെ എസ്ഐആർ ഡാറ്റ അടിസ്ഥാനമാക്കിയാണ് 1600 വിദേശികൾ മാത്രമാണു പുറത്താക്കപ്പെട്ടതെന്ന കണ്ടെത്തൽ.
ഈ സംസ്ഥാനങ്ങളിൽനിന്ന് ഏകദേശം പത്തു കോടി ആളുകൾ വോട്ടർപട്ടികയിൽനിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ട്. എന്നാൽ വെറും 1600 വിദേശികളെ മാത്രം കണ്ടെത്തിയതുകൊണ്ട് എസ്ഐആർ കൊണ്ട് എന്തു നേട്ടമാണുണ്ടായതെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചോദിച്ചു.
വിദേശികളുടെ എണ്ണം കണ്ടെത്താൻ ദേശീയ മാധ്യമം 26 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാരെ സമീപിച്ചിരുന്നു. ഇതിൽ ആറു സംസ്ഥാനങ്ങൾ മാത്രമാണ് വിവരങ്ങൾ നൽകിയത്. 11 സംസ്ഥാനങ്ങൾ പ്രതികരിച്ചപ്പോൾ നാലു സംസ്ഥാനങ്ങൾ ഇത്തരം വിവരങ്ങൾ സൂക്ഷിക്കുന്നില്ലെന്ന് അറിയിച്ചു.
ആഭ്യന്തരമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു: കോൺഗ്രസ്
ഇരുപതു സംസ്ഥാനങ്ങൾ വിവരങ്ങൾ നൽകാത്തത് തെരഞ്ഞെടുപ്പു കമ്മിഷൻ അത്തരം കണക്കുകൾ ശേഖരിക്കാൻ ആവശ്യപ്പെടാത്തതുകൊണ്ടാണെന്നും ആഭ്യന്തരമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും ജയ്റാം രമേശ് "എക്സി’ലൂടെ കുറ്റപ്പെടുത്തി.
ഇന്ത്യക്കാരായ വലിയൊരു വിഭാഗത്തിന്റെ ഭരണഘടനാപരമായ വോട്ടവകാശം എടുത്തുമാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് എസ്ഐആർ കൊണ്ടുവന്നതെന്ന ആക്ഷേപമാണ് ഈ റിപ്പോർട്ട് വീണ്ടും ശരിവയ്ക്കുന്നത്.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേർന്ന് ആസൂത്രണം ചെയ്തു നടപ്പിലാക്കിയ ഒരു ഗൂഢാലോചനയാണ് എസ്ഐആർ എന്നും ജയ്റാം രമേശ് ആരോപിച്ചു.