കായംകുളം: പട്ടാപ്പകൽ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ ജീവൻ പണയം വച്ച് സിനിമാ സ്റ്റൈലിൽ പിന്തുടർന്ന് പിടികൂടിയ യുവതിയുടെ ധീരതയ്ക്ക് അഭിനന്ദനപ്രവാഹം. കൃഷ്ണപുരം കാപ്പിൽ കിഴക്ക് ഐശ്വര്യയിൽ എൻ. രജനി (47) ആണ് സ്വന്തം ജീവൻ പണയംവച്ച് മോഷ്ടാവിനെ പിന്തുടർന്ന് പിടികൂടിയത്.
മന്ത്രി എം. ലിജു ഉൾപ്പെടെ നിരവധിപേർ രജനിയുടെ ധീരതയെ അഭിനന്ദിച്ചു. ബിൽഡിംഗ് പ്ലാൻ വരക്കാനെന്ന വ്യാജേന സ്ഥാപനത്തിൽ എത്തിയ മോഷ്ടാവ് സംസാരിച്ചു നിൽക്കുന്നതിനിടെ രജനിയെ പിറകിൽ നിന്നും സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് കുത്താൻ ശ്രമിക്കുകയും തടയുന്നതിനിടെ കഴുത്തിലെ സ്വർണമാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. മാലയുമായി മോഷ്ടാവ് സ്കൂട്ടറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രജനി ഓടിയെത്തി സ്കൂട്ടറിൽ ബലമായി പിടിച്ചു.
യുവതി പിടിവിടുന്നില്ലന്ന് കണ്ടപ്പോൾ ഇയാൾ യുവതിയെ റോഡിൽ വലിച്ചുകൊണ്ട് സ്കൂട്ടർ ഓടിച്ചു മുന്നോട്ട് നീങ്ങിയതോടെ സ്കൂട്ടർ നിയന്ത്രണം വിട്ട് സമീപം കിടന്ന ഒരു കാറിൽ തട്ടി മറിയുകയും ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ പ്രതിയെ വളഞ്ഞുപിടിക്കുകയും കായംകുളം പോലീസിന് കൈമാറുകയുമായിരുന്നു. പിടിയിലായ കൃഷ്ണപുരം തെക്ക് കൊച്ചു മുറിയിൽ തോണ്ടലിൽ കുന്നേൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരുന്ന നെൽസൺ (30) നെ കോടതി റിമാൻഡ് ചെയ്തു.