ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം
ചെറുതോണി: ഇടുക്കിയുടെ ചരിത്രം വിവരിക്കുന്ന സെൻട്രൽ രാജപ്പന്റെ ഫോട്ടോശേഖരം പ്രദർശിപ്പിക്കും. ഇടുക്കി ഡാമിന് കൊലുമ്പൻ ഭൂമി പൂജ നടത്തിയതും അന്നത്തെ മുഖ്യമന്ത്രി തറക്കല്ലിട്ടതും ഉൾപ്പെടെ ആയിരക്കണക്കിനു ചിത്രങ്ങളാണ് രാജപ്പന്റെ ബ്ലാക്ക് ആന്റ് വൈറ്റ് കാമറ ഒപ്പിയെടുത്തത്.
വൈദ്യുതി ബോർഡിനും ഡാം നിർമാണ കരാറുകാരായ ഹിന്ദുസ്ഥാൻ കമ്പനിക്കും ആദ്യത്തെ ജില്ലാ കളക്ടർ ബാബു പോളിനുമെല്ലാം ചിത്രമെടുക്കാൻ രാജപ്പനായിരുന്നു ആശ്രയം. അന്നൊക്കെ പിതാവിന്റെ കൈയിൽ തൂങ്ങി സുനിലുമുണ്ടായിരുന്നു.
2008-ൽ രാജപ്പൻ മരിച്ചതോടെ സുനിൽ പിതാവിന്റെ പാത പിന്തുടർന്നു. അച്ഛൻ കാമറക്കണ്ണിലൂടെ ഒപ്പിയെടുത്ത ചിത്രങ്ങൾ നിധിപോലെ സൂക്ഷിക്കുകയാണ് സുനിൽ. ഇടുക്കി അണക്കെട്ടിന് തറക്കല്ലിട്ടതു മുതൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ഡാം ഉദ്ഘാടനം ചെയ്യുന്നതു വരെയുള്ള മുഴുവൻ ഫോട്ടോയും എടുത്തത് രാജപ്പനായിരുന്നു.
വഞ്ചിക്കവലയിൽ രാജപ്പൻ ആരംഭിച്ച സ്റ്റുഡിയോ 60 വർഷം പിന്നിട്ടതിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഫോട്ടോ പ്രദർശനം ഒരുക്കാൻ തയാറെടുക്കുകയാണ് സുനിൽ. മാതാവ് രാധയും ഭാര്യ മിനിയും മക്കളായ ആദിത്യനും അഭിദേവും സുനിലിന് പ്രചോദനവുമായി ഒപ്പമുണ്ട്.