ന്യൂഡൽഹി: ഇന്ത്യയിൽ വോട്ടർ ഐഡി, പാസ്പോർട്ട് തുടങ്ങിയ ഔദ്യോഗിക രേഖകൾ കൈവശമുള്ളവർ പോലും തങ്ങൾ ഈ രാജ്യത്തെ പൗരന്മാരാണെന്ന് തെളിയിക്കാൻ മറ്റ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടി വരുന്നതിലെ വൈരുദ്ധ്യത്തെ ചോദ്യം ചെയ്ത് പ്രമുഖ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. പൗരത്വ രേഖകളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങളെയും സാധാരണക്കാരുടെ ആശങ്കകളെയും മുൻനിർത്തി സമൂഹമാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം കടുത്ത ഭാഷയിൽ പ്രതികരിച്ചത്.
തന്റെ കൈവശം എല്ലാവിധ ഔദ്യോഗിക തിരിച്ചറിയൽ രേഖകളും ഉണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. "എന്റെ കൈവശം വോട്ടർ ഐഡി കാർഡുണ്ട്, പക്ഷേ അതൊരു പൗരത്വ തെളിവല്ല! എന്റെ കൈവശം പാൻ കാർഡുണ്ട്, അതും പൗരത്വ തെളിവല്ല. എന്റെ കൈവശം പാസ്പോർട്ടുണ്ട്, എന്നാൽ അതുപോലും പൗരത്വത്തിന്റെ തെളിവല്ലെന്നാണ് പറയുന്നത്. അങ്ങനെയെങ്കിൽ എനിക്ക് ആരാണ് പൗരത്വ സർട്ടിഫിക്കറ്റ് നൽകുക? ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥനോ? എന്റെ ചോദ്യം ലളിതമാണ്; ഇവിടെ പ്രശ്നം പൗരനാണോ അതോ എല്ലാം നിയന്ത്രിക്കുന്ന ഈ ഭരണകൂടത്തിനാണോ?"