മുംബൈ: രോഹിത് ശർമയുടെ വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല.
ലോർഡ്സിലെ ചരിത്ര സെഞ്ചുറിക്ക് പിന്നാലെ രോഹിത് ടീമിൽ തുടരുമെന്നും വിരമിക്കലിനെക്കുറിച്ച് ഇപ്പോൾ ചർച്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗിൽ-ഗംഭീർ കൂട്ടുകെട്ടിന് പിന്തുണ പ്രഖ്യാപിച്ച ശുക്ല ടീമിൽ മാറ്റങ്ങൾ ആവശ്യമില്ലെന്നും കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പരയ്ക്കിടെ രോഹിത്തിന്റെ ഫോമിനെച്ചൊല്ലി വലിയ ചർച്ചകളും അഭ്യൂഹങ്ങളും ഉയർന്നിരുന്നു. ലോർഡ്സിലെ മൂന്നാം ഏകദിനത്തോടെ താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു.
എന്നാൽ തനിക്കെതിരായ വിമർശനങ്ങൾക്ക് ബാറ്റ് കൊണ്ട് മറുപടി നൽകിയ 39കാരനായ രോഹിത് 110 പന്തിൽ 138 റണ്‍സ് അടിച്ചുകൂട്ടി. ഈ പ്രകടനത്തോടെ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഏകദിന സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റർ എന്ന ചരിത്രനേട്ടവും താരം സ്വന്തമാക്കി. പിന്നാലെയാണ് രാജീവ് ശുക്ല രോഹിത്തിന്റെ ഭാവിയെ കുറിച്ച് സംസാരിച്ചത്.
നിലവിലെ സാഹചര്യത്തിൽ രോഹിതിന്റെ വിരമിക്കലിനെക്കുറിച്ച് യാതൊരു ചോദ്യവുമില്ലെന്ന് ശുക്ല വ്യക്തമാക്കി.