ലക്നോ: യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയുമായി ഔദ്യോഗികമായി സീറ്റ് ചർച്ച ആരംഭിച്ച് കോൺഗ്രസ്. 175-200 സീറ്റാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. യുപിയിൽ ആകെ 403 സീറ്റാണുള്ളത്.
മത്സരിക്കാൻ ആഗ്രഹിക്കുന്ന സീറ്റുകളുടെ പട്ടിക കോൺഗ്രസ് നേതൃത്വം സമാജ്വാദി പാർട്ടി നേതാക്കൾക്കു കൈമാറിയെന്ന് യുപിയുടെ ചുമതലയുള്ള എഐസിസി ഇൻ ചാർജ് രാജേന്ദ്ര പാൽ ഗൗതം പറഞ്ഞു.
ഇരുപാർട്ടികളും തമ്മിൽ വിശദമായ സീറ്റ് ചർച്ച ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 1989നുശേഷം യുപിയിൽ കോൺഗ്രസ് അധികാരത്തിലെത്തിയിട്ടില്ല. 2022ൽ ഒറ്റയ്ക്കു മത്സരിച്ച കോൺഗ്രസിനു വെറും രണ്ടു സീറ്റ് മാത്രമാണു വിജയിക്കാനായത്.
ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയാണിത്. ബിജെപി തരംഗം ആഞ്ഞുവീശിയ 2017ൽപ്പോലും കോൺഗ്രസ് ഏഴു സീറ്റ് നേടിയിരുന്നു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും സമാജ്വാദി പാർട്ടിയും സഖ്യത്തിലാണ് മത്സരിച്ചത്. സമാജ്വാദി പാർട്ടിക്ക് 37ഉം കോൺഗ്രസിന് ആറും സീറ്റ് കിട്ടി. ബിജെപി 33 സീറ്റിലൊതുങ്ങി.