പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിലെയും ജില്ലാ കമ്മിറ്റി യോഗത്തിലെയും ചർച്ചകളെന്ന പേരിൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് നുണക്കഥകളും ഊഹാപോഹങ്ങളുമാണെന്ന് ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം. ആറന്മുളയിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വീണാ ജോർജിനെതിരേ ജില്ലാ കമ്മിറ്റി യോഗത്തിൽ ഉയർന്ന ആരോപണങ്ങളിൽ അവർ മറുപടി പറഞ്ഞതായി പ്രചരിക്കുന്ന വാർത്തകളെയാണ് ജില്ലാ സെക്രട്ടറി തള്ളിയത്.
വീണാ ജോർജ് പാർട്ടി സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവാണ്. അവരുടെ അഭിപ്രായങ്ങൾ അവിടെയാണ് പറയുക. എന്നാൽ ജില്ലാ കമ്മിറ്റിയിൽ നടന്ന ചർച്ചയിൽ അവർ അഭിപ്രായം പറഞ്ഞുവെന്ന തരത്തിലുള്ളത് നുണപ്രചാരണങ്ങളാണ്. യാഥാർഥ്യവുമായി ബന്ധമില്ലാത്ത കഥകൾ മാധ്യമങ്ങൾ പ്രചരിപ്പിക്കുകയാണെന്നും രാജു ഏബ്രഹാം പറഞ്ഞു.
പാർട്ടിസംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം ജില്ലാ കമ്മിറ്റികൾ ചേർന്ന് തെരഞ്ഞെടുപ്പ് വിശകലനം ചെയ്യാൻ തീരുമാനിച്ചിരുന്നു.സിപിഐ എമ്മിന്റെ സംഘടനാ രീതിയനുസരിച്ച് ഇത്തരം യോഗങ്ങളിലെ ചർച്ചകൾകൂടി കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് അവലോകനം തയാറാക്കുക. അത് ബ്രാഞ്ച് വരെയുള്ള ഘടകങ്ങൾ ചർച്ച ചെയ്യും.
തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടുവെന്നത് പാർട്ടി അംഗീകരിച്ചതാണ്. അതിന്റെ മറവിൽ എന്ത് കെട്ടുകഥകളും അവതരിപ്പിക്കുന്നത് പാർട്ടിയെ തകർക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.ജനങ്ങളെ വിശ്വാസത്തിലെടുത്താണ് പാർട്ടി പ്രവർത്തിക്കുന്നതും മുന്നോട്ടു പോകുന്നതും. വ്യാജ പ്രചാരണങ്ങൾ കൊണ്ട് ജനങ്ങളെ തെറ്റിധരിപ്പിക്കാൻ കഴിയില്ലെന്നും രാജു ഏബ്രഹാം വ്യക്തമാക്കി.