ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ വരണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ആഭ്യന്തരമന്ത്രിയെ അറിയിക്കാന്‍ പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജുവിനോട് രാജ്യസഭാധ്യക്ഷനും ഉപരാഷ്ട്രപതിയുമായ സി.പി. രാധാകൃഷ്ണന് നിര്‍ദേശിച്ചു.
ചെയര്‍മാന്റെ നിര്‍ദേശം അംഗീകരിക്കുന്നുവെന്നു പറഞ്ഞെങ്കിലും ഏതു മന്ത്രിയാണ് സര്‍ക്കാരിനുവേണ്ടി പ്രതികരിക്കേണ്ടതെന്നതടക്കം പ്രതിപക്ഷനേതാവിന് ആജ്ഞാപിക്കാനാകില്ലെന്ന് മന്ത്രി റിജിജു പറഞ്ഞു.
അമിത് ഷാ സഭയില്‍ വന്നു പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം മൂന്നാഴ്ചയോളമായി തുടരുന്ന പ്രതിഷേധത്തിനും ബഹളത്തിനുമിടയിലുള്ള രാജ്യസഭാധ്യക്ഷന്റെ നിര്‍ദേശം പ്രതിപക്ഷത്തിനു നേട്ടമായി. പ്രതിപക്ഷത്തിന്റെ വികാരം പാര്‍ലമെന്ററികാര്യ മന്ത്രിയെന്ന നിലയില്‍ നിങ്ങള്‍ക്ക് ആഭ്യന്തരമന്ത്രിയെ അറിയിക്കാവുന്നതാണെന്ന രാധാകൃഷ്ണന്റെ നിര്‍ദേശമാണു സര്‍ക്കാരിനെ വെട്ടിലാക്കിയത്.
ആഭ്യന്തരമന്ത്രി സഭയില്‍ വരണമെന്ന പ്രതിപക്ഷ ആവശ്യം പരിഗണിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും ചെയര്മാന് പറഞ്ഞു.
നീറ്റ് ചോദ്യപേപ്പർ ചോര്‍ച്ചയ്ക്കെതിരേ സമരം ചെയ്ത വിദ്യാര്ഥികള്ക്കെതിരേ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ്, കണ്ണീര്‍വാതകം, പെല്ലറ്റ് വെടി എന്നിവയെക്കുറിച്ചും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്കൊള്ളയെക്കുറിച്ചും അമിത് ഷാ സഭയിലെത്തി പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെയാണ് രാജ്യസഭാധ്യക്ഷന്റെ നിര്‍ദേശം. ഇതേച്ചൊല്ലി പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പാര്‍ലമെന്ററികാര്യ മന്ത്രി റിജിജുവും രൂക്ഷമായ വാഗ്വാദം നടത്തിയതിനു പിന്നാലെയായിരുന്നു രാധാകൃഷ്ണന്റെ നിര്‍ദേശം.
സ്വന്തം വകുപ്പുമായി ബന്ധപ്പെട്ട കാര്യത്തില്‍ മറുപടി പറയുന്നതിനെ ഭയന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പാര്‍ലമെന്റിൽനിന്നു വിട്ടുനില്‍ക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ വികാരം അദ്ദേഹത്തെ അറിയിക്കാന്‍ പാര്‍ലമെന്ററികാര്യ മന്ത്രിയോടു സഭാധ്യക്ഷന് നിര്‍ദേശിച്ചത് പ്രതിപക്ഷത്തിന്റെ വിജയമാണെന്ന് സിപിഐയിലെ പി. സന്തോഷ്കുമാര്‍ പറഞ്ഞു.