തിരുവനന്തപുരം: അയോധ്യ രാമക്ഷേത്രത്തിൽ നടന്നത് പകൽക്കൊള്ളയാണെന്ന് എഐസിസി മീഡിയ ആൻഡ് പബ്ലിസിറ്റി ഡിപ്പാർട്ട്മെന്റ് ചെയർമാൻ പവൻ ഖേര . ഇന്ദിരാഭവനിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇത്തരത്തിൽ പ്രതികരിച്ചത്. പ്രധാനമന്ത്രി മോദിയുടെ നിർദേശപ്രകാരമാണ് അയോധ്യയിൽ ട്രസ്റ്റ് തുടങ്ങിയത്.
രാമക്ഷേത്ര നിർമാണത്തിൽ ഇതുവരെ ഊറ്റം കൊണ്ട മോദിയും ആർഎസ്എസും അഴിമതി പുറത്ത് വന്നപ്പോൾ മൗനം പാലിക്കുകയാണ്. ഇതിൽ ആരെയാണ് സംരക്ഷിക്കാൻ ശ്രമം നടക്കുന്നതെന്നും ആരാണ് വിഷയത്തിൽ വ്യക്തമായി മറുപടി തരുന്നതെന്നും അദ്ദേഹം ചോദിച്ചു.
ക്ഷേത്രം എൽ ആൻഡ് ടി കന്പനി സൗജന്യമായി നിർമിച്ചുനൽകാമെന്ന് അറിയിച്ചിരുന്നു. അത് തള്ളിക്കളഞ്ഞ് 2100 കോടി രൂപ ചെലവഴിച്ചാണ് ക്ഷേത്രത്തിന്റെ നിർമാണം നടത്തിയത്. രാമക്ഷേത്രത്തിൽ ഗോശാല നിർമിക്കാനെന്ന് കാട്ടി കോടികളാണ് ചെലവഴിച്ചതെന്ന് പവൻ ഖേര ആരോപിച്ചു.
40 വർഷം കൊണ്ട് കോടിക്കണക്കിന് രൂപയാണ് ആർഎസ്എസും ബിജെപിയും ചേർന്ന് ക്ഷേത്ര നിർമാണമെന്ന പേരിൽ പിരിച്ചെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.