ദീപിക ആദരം 2026 പാലക്കാട് മേഖലാതല ഉദ്ഘാടനം
പാലക്കാട്: വിദ്യാർഥികളുടെ ലോകം വിശാലമായിരിക്കുന്ന ഇക്കാലത്ത് അതിനെ വിവേകപൂർവം ഉപയോഗപ്പെടുത്തുന്പോഴാണ് വിദ്യാഭ്യാസം പൂർണമാകുന്നതെന്ന് രമേഷ് പിഷാരടി എംഎൽഎ. എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ദീപിക ആദരം 2026 പാലക്കാട് മേഖലാതല ഉദ്ഘാടനം മേഴ്സി കോളജ് ഓഡിറ്റോറിയത്തിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു എംഎൽഎ.
ലോകത്തെവിടെയും പോയി വിദ്യാഭ്യാസം നേടാൻ കഴിയുന്ന കാലമാണിത്. വർഷംതോറും 12,500 കോടിയോളം രൂപയാണ് നമ്മുടെ സംസ്ഥാനത്തുനിന്നും വിദ്യാഭ്യാസത്തിനായി പുറത്തേക്കൊഴുകുന്നത്. മൈഗ്രേഷൻ തെറ്റായ കാര്യമല്ല. എങ്കിലും ഇന്നിന്റെ കോഴ്സുകൾ കണ്ടെത്തി പഠിക്കേണ്ടതും ആവശ്യമാണ്. ആദരിക്കപ്പെട്ട വിദ്യാർഥികളെല്ലാം മികച്ച നേട്ടത്തിന് അർഹരായവരാണെന്നും പിഷാരടി പറഞ്ഞു.
എഴുത്തും വായനയും അറിയുന്നവർ ചുരുക്കമായിരുന്ന കാലത്ത് ജനങ്ങൾക്ക് അറിവ് നൽകാനായി ആരംഭിച്ച ദീപിക സമൂഹത്തിന്റെ നന്മക്കായി നൽകിയ സംഭാവനകൾ വലുതാണെന്നും പിഷാരടി പറഞ്ഞു.
വിദ്യാർഥികൾ എംഎൽഎയോട് വിവിധ വിഷയങ്ങളിൽ ചോദ്യങ്ങൾ ചോദിച്ചു. എല്ലാ ചോദ്യങ്ങൾക്കും സ്വതസിദ്ധമായ ശൈലിയിൽ തമാശകളിലൂടെ പിഷാരടി മറുപടി പറഞ്ഞു. ജനപ്രതിനിധി എന്ന നിലയിൽ പാലക്കാടിനു വേണ്ടി നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ പിഷാരടി വിശദീകരിച്ചു.
മേഴ്സി കോളജ് മുൻ പ്രിൻസിപ്പൽ സിസ്റ്റർ ഡോ. നിർമൽ അധ്യക്ഷത വഹിച്ചു. യംഗ് മാസ്റ്റർ അവാർഡ് വിതരണവും രമേഷ് പിഷാരടി നിർവഹിച്ചു. എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്ക് ദീപിക തൃശൂർ മാർക്കറ്റിംഗ് കോ- ഓർഡിനേറ്റർ ഫാ. അജിത്ത് തച്ചോത്ത്, സിസ്റ്റർ ഡോ.നിർമൽ എന്നിവർ മെഡലുകളും സർട്ടിഫിക്കറ്റും സമ്മാനിച്ചു.
അസിസ്റ്റന്റ് പ്രഫസർ ഡോ.എൻ. ദീപ വിദ്യാർഥികൾക്ക് ക്ലാസെടുത്തു. ഫാ. അജിത് തച്ചോത്ത് സ്വാഗതവും ദീപിക സർക്കുലേഷൻ പാലക്കാട് ഏരിയ മാനേജർ സനൽ ആന്റോ നന്ദിയും പറഞ്ഞു. പരിപാടികൾക്കു ദീപിക തൃശൂർ കോ- ഓർഡിനേറ്റിംഗ് എഡിറ്റർ ഫാ. റിന്റോ പയ്യപ്പിള്ളി നേതൃത്വം നൽകി.