കുന്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ, ബേബിമോളായി വന്ന് മലയാളികളുടെ മനം കവർന്ന യുവതാരമാണ് അന്ന ബെൻ. തുടർന്ന് ഹെലൻ, കപ്പേള, നൈറ്റ് ഡ്രൈവ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു. പിന്നീട് തെലുങ്കിലും തമിഴിലും മികച്ച പ്രോജക്ടുകൾ. കൊട്ടുക്കാളി (2024) യിലുടെ തമിഴകത്തും താരം ചുവടുറപ്പിച്ചു. കണ്ണുകൾ കൊണ്ട് സംസാരിച്ച കൊട്ടുക്കാളിയിലെ ആ പെൺകുട്ടിയിൽ നിന്നും പുതിയ ചിത്രമായ കോൺ സിറ്റിയിലെ മിത്രയിലേക്ക് എത്തുമ്പോൾ കരിയറിലെ പുതിയ അധ്യായത്തിലേക്കാണ് താരം ചുവടുവയ്ക്കുന്നത്. പക്കാ കോമഡി എന്റർടെയ്നർ ചിത്രമായ കോൺ സിറ്റിയിൽ മുഴുനീളെ കഥാപാത്രമായാണ് താരം എത്തുന്നത്. ആദ്യമായി കോമഡി ചെയ്യുന്നതിനെക്കുറിച്ചുള്ള വിശേഷങ്ങൾ അന്ന ഒരു ദേശീയ മാധ്യമത്തോടു പങ്കുവച്ചിരുന്നു.
തീവ്രതയുള്ള കഥാപാത്രങ്ങളിൽ നിന്നു വ്യത്യസ്തമായ കോമഡിയിലേക്കുള്ള മാറ്റമാണ് കോൺ സിറ്റി-എന്ന് അന്ന ബെൻ പറഞ്ഞു. തന്റെ മുൻകാല കഥാപാത്രങ്ങളെല്ലാം ഗൗരവമുള്ളതായിരന്നു. എങ്കിലും അവയുടെ ചിത്രീകരണം താൻ ആസ്വദിച്ചിരുന്നു. കോൺ സിറ്റി തന്റെ കരിയർ തന്നെ മാറ്റുമെന്നും ഇതൊരു പക്കാ ഹ്യൂമർ ചിത്രമാണെന്നും താരം വ്യക്തമാക്കി. ചിത്രത്തിൽ അർജുൻ ദാസിനൊപ്പം വിവിധതരം തട്ടിപ്പുകൾ ആസൂത്രണം ചെയ്യുന്ന മിത്ര എന്ന കഥാപാത്രമായാണ് അന്ന എത്തുന്നത്. യോഗി ബാബു, വി.ടി.വി ഗണേഷ്, രമേഷ് തിലക്, ഇമ്മൻ അണ്ണാച്ചി, വടിവുക്കരസി തുടങ്ങിയ വൻ കോമഡി നിരയാണ് ചിത്രത്തിലുള്ളത്. ഷൂട്ടിംഗ് സെറ്റിൽ ഇവരുടെ തമാശകൾ കണ്ട് ചിരി അടക്കാൻ താൻ പാടുപെട്ടെന്നും താരം പറഞ്ഞു.