ആദിത്യ സംവിധാനം ചെയ്ത ധുരന്ധര്‍: ദ റിവഞ്ച് ബോക്സ് ഓഫീസില്‍ തരംഗമായി തുടരുമ്പോള്‍, ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്ത് ഉപയോഗിച്ചിരിക്കുന്ന ബോണി എം. ബാന്‍ഡിന്റെ പ്രശസ്തമായ റാസ്പുടിന് എന്ന ഗാനം വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരിക്കുകയാണ്.
കേവലം വിനോദത്തിനുവേണ്ടി മാത്രം ഉള്‍പ്പെടുത്തിയതല്ല ഗാനമെന്നും, സിനിമയിലെ വില്ലന്‍ കഥാപാത്രമായ ഷംഷാദ് ഹസന്റെ പതനത്തെ സൂചിപ്പിക്കുന്ന ആഴമേറിയ അര്‍ഥങ്ങള്‍ ഇതിനുണ്ടെന്നുമാണ് സിനിമാ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
റാസ്പുടിന് എന്ന റഷ്യൻ മിസ്റ്റിക്
റഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന നിക്കോളാസ് രണ്ടാമന്റെ കൊട്ടാരത്തില്‍ വലിയ സ്വാധീനമുണ്ടായിരുന്ന മിസ്റ്റിക് രോഗശാന്തിക്കാരനായിരുന്നു ഗ്രിഗറി റാസ്പുടിന്. അധികാരം കൈയിലില്ലാതിരുന്നിട്ടും ഭരണകാര്യങ്ങളില്‍ അദൃശ്യമായി ഇടപെടുകയും തീരുമാനങ്ങള്‍ എടുപ്പിക്കുകയും ചെയ്തിരുന്നു റാസ്പുടിന്. രാജ്ഞിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു റാസ്പുടിന്.
റഷ്യൻ ഭരണകൂടത്തെത്തന്നെ കൈവെള്ളയിലിട്ട് അമ്മാനമാടിയിരുന്ന റാസ്പുടിൻ ഒടുവില്‍ കൊല്ലപ്പെടുകയായിരുന്നു. വിഷം നല്‍കിയിട്ടും വെടിവച്ചിട്ടും മരിക്കാത്ത റാസ്പുടിനെ, ഒടുവില്‍ പുഴയിലെറിഞ്ഞാണ് കൊലപ്പെടുത്തിയതെന്ന സത്യം ഇന്നും ഞെട്ടിക്കുന്നതാണ്.
ധുരന്ധര്‍ 2-ല്‍ രാജ് സുത്ഷി അവതരിപ്പിക്കുന്ന ഐഎസ്ഐ തലവന്‍ ഷംഷാദ് ഹസനും സമാനമായ രീതിയില്‍ നിഴല്‍രൂപമായി അധികാരം പ്രയോഗിക്കുന്ന വ്യക്തിയാണ്.
സിനിമയുടെ ക്ലൈമാക്സില്‍ ഹംസ (രണ്‍വീര്‍ സിംഗ്) തടവിലാക്കപ്പെടുമ്പോള്‍, താന്‍ അജയ്യനാണെന്ന ഭാവമാണ് ഷംഷാദ് ഹസനുള്ളത്. എന്നാല്‍ ഇസ്രയേല്‍ ഉദ്യോഗസ്ഥരുമായി ഷംഷാദ് രഹസ്യ ഇടപാട് നടത്തുന്ന വീഡിയോ ആര്. മാധവന്റെ അജയ് സന്യാല്‍ പുറത്തുവിടുന്നതോടെ ഷംഷാദിന്റെ അധികാരം തകര്‍ന്നടിയുന്നു. താന്‍ ആര്‍ക്കും പിടികൊടുക്കാത്തവനാണെന്ന് വിശ്വസിച്ചിരുന്ന അയാളുടെ പതനം ആഘോഷമാക്കാനാണ് റാസ്പുടന് എന്ന ഗാനം ആ സമയത്ത് പശ്ചാത്തലത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അധികാരം തലയ്ക്ക് പിടിച്ച ഒരു വ്യക്തിയുടെ അപ്രതീക്ഷിത വീഴ്ചയെ പരിഹാസ രൂപേണ അവതരിപ്പിക്കാന്‍ ഈ ട്രാക്ക് സഹായകമായി.
ബോളിവുഡില്‍ ആദ്യമായല്ല റാസ്പുടിന്... എന്ന ഗാനം ഉപയോഗിക്കപ്പെടുന്നത്. 2012-ല്‍ പുറത്തിറങ്ങിയ സെയ്ഫ് അലി ഖാന് ചിത്രം ഏജന്റ് വിനോദില്‍ ഐ വില്‍ ഡു ദ ടോക്കിംഗ് നൈറ്റ് എന്ന പാട്ട് റാസ്പുടിന്റെ ഈണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയതായിരുന്നു. എന്നാല്‍ ധുരന്ധര്‍ 2-ല്‍ എത്തുമ്പോള്‍, കഥാപാത്രത്തിന്റെ സ്വഭാവവുമായും സാഹചര്യവുമായും ഇത്രയേറെ ഇഴുകിച്ചേരുന്ന മറ്റൊരു ഗാനമില്ലെന്ന് ബി ടൗണും ചലച്ചിത്രാസ്വാദകരും ഒരുപോലെ സമ്മതിക്കുന്നു.