കൊച്ചി: പതിനേഴാം വയസിൽ കൗമാരക്കാർ ഭാവിസ്വപ്നങ്ങൾ നെയ്തുതുടങ്ങുമ്പോഴേക്കും സ്വന്തമായി രണ്ടു കമ്പനികൾ കെട്ടിപ്പടുത്ത് അതിന്റെ അമരക്കാരനായി മാറിയിരിക്കുകയാണ് റൗൾ ജോൺ അജു.
സ്വന്തം അച്ഛനായതുകൊണ്ടല്ല; മറിച്ച്, ജോലിയിലുള്ള മികവും വർഷങ്ങളുടെ അനുഭവസമ്പത്തും മാത്രം പരിഗണിച്ചാണ് ഈ കൊച്ചുമുതലാളി തന്റെ കമ്പനിയുടെ സിഇഒ പദവിയിലേക്കു പിതാവിനെ നിയമിച്ചത്. പ്രതിമാസശമ്പളം രണ്ടു ലക്ഷം രൂപ! അച്ഛനു മാത്രമല്ല, തന്റെ രണ്ടു കമ്പനികളിലായി ജോലി ചെയ്യുന്ന 15 ജീവനക്കാർക്കും ലക്ഷങ്ങളാണ് ഈ പ്ലസ്ടു വിദ്യാർഥി ശമ്പളമായി നൽകുന്നത്.
കൊച്ചി ഇടപ്പള്ളിയിലെ സർക്കാർ സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുന്ന റൗൾ, സമപ്രായക്കാരെപ്പോലെ വീഡിയോ ഗെയിമുകളിലും ഇൻസ്റ്റഗ്രാം റീൽസുകളിലും സമയം കളയാൻ തയാറായിരുന്നില്ല. പകരം നിർമിതബുദ്ധി (എഐ) എന്ന വിസ്മയലോകത്തെ ഹൃദയത്തോടു ചേർത്തുവച്ചാണ് റൗൾ തന്റെ വിജയഗാഥ രചിക്കുന്നത്. നിർണായകമായ എഐ ടൂളുകൾ രൂപപ്പെടുത്തുന്ന ‘എഐ റെലം’, ലോകോത്തര നിലവാരത്തിലുള്ള എഐ പരിശീലന പരിപാടികൾ നടത്തുന്ന ‘തിങ്ക് ക്രാഫ്റ്റ് അക്കാദമി’ എന്നിവയുടെ സ്ഥാപകനാണ് റൗൾ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ചു ലക്ഷത്തിലധികം പേർക്കാണ് റൗൾ ഇതിനോടകം എഐ പരിശീലനം നൽകിയത്. സ്കൂൾ പ്രിൻസിപ്പൽമാർ, അധ്യാപകർ, വൻകിട കമ്പനി ഉടമകൾ, പ്രഫഷണലുകൾ എന്നിങ്ങനെ നീളുന്നു ഈ കൗമാരക്കാരന്റെ ക്ലാസുകളിൽ പങ്കെടുക്കാനെത്തിയവരുടെ നിര. ഗൂഗിൾ ഫോറംസ്, ഹഡിൽ ഗ്ലോബൽ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര വേദികളിൽ ശ്രദ്ധേയമായ സെഷനുകൾ നയിച്ച റൗൾ ഡിആർഡിഒ, ഐഐടി ഹൈദരാബാദ്, സംസ്ഥാന ഫിഷറീസ് വകുപ്പ് എന്നിവിടങ്ങളിലും ക്ലാസുകളെടുത്തുകഴിഞ്ഞു.
മിബോട്ട്, റെസ്ക്യു എഐ, സാപ് ഗാപ്, ഇൻവെസ്റ്റോ എഐ, ഫീഡ്ഫൈ തുടങ്ങി പതിനഞ്ചിലധികം എഐ ടൂളുകളാണ് റൗൾ സ്വന്തമായി നിർമിച്ചുപുറത്തിറക്കിയത്. സാങ്കേതികവിദ്യയുടെ മാസ്മരികത കാണിച്ച് ആളുകളെ അദ്ഭുതപ്പെടുത്തുകയല്ല; മറിച്ച്, സാധാരണക്കാരന്റെ ദൈനംദിന പ്രശ്നങ്ങൾക്കു പരിഹാരം കാണുകയാണ് തന്റെ ലക്ഷ്യമെന്ന് റൗൾ വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി എഐ പരിശീലനത്തിനായി നവീനമായൊരു ആപ്പ് സജ്ജമാക്കുന്നതിനുള്ള പണിപ്പുരയിലാണിപ്പോൾ ഈ കുട്ടിസംരംഭകൻ.
പത്തനംതിട്ട മല്ലപ്പള്ളിയിൽ ജനിച്ച റൗൾ അഞ്ചാം ക്ലാസ് മുതൽ സർക്കാർ സ്കൂളിലാണു പഠിക്കുന്നത്. സ്കൂൾ ശാസ്ത്രമേളകളിൽ തിളങ്ങിയതാണു തന്റെ ഭാവിയിലേക്കുള്ള ചവിട്ടുപടിയായതെന്ന് റൗൾ വിശ്വസിക്കുന്നു. അഡോബി, ആമസോൺ തുടങ്ങിയ ആഗോള ഐടി ഭീമന്മാരോടൊപ്പം പ്രവർത്തിച്ചിട്ടുള്ള പിതാവ് അജു ജോസഫ് മകന്റെ കമ്പനിയെ നയിക്കുമ്പോൾ, എക്സ്സിഎൽ കമ്പനി ഉദ്യോഗസ്ഥയായ അമ്മ ഷീബ ആൻ എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്.