രവീന്ദ്രൻ... അഥവാ ഡിസ്കോ രവീന്ദ്രൻ, ഒരു കാലഘട്ടത്തെ ഇളക്കിമറിച്ച താരം. ക്യാന്പസിന്റെയും യുവാക്കളുടെയും ഹരമായിരുന്ന സ്വപ്നതാരം. നിരവധി ഹിറ്റുകളിലൂടെ തെന്നിന്ത്യൻ വാണിജ്യ സിനിമയുടെ അവിഭാജ്യഘടകമായി മാറിയ അഭ്രകാവ്യങ്ങളിലെ നായകൻ. രവീന്ദ്രന്റെ സ്റ്റൈലും നൃത്തരംഗങ്ങളും കാണാൻ വേണ്ടിമാത്രം പ്രേക്ഷകർ തിയറ്ററുകളിൽ ഇരച്ചുകയറിയ കാലമുണ്ടായിരുന്നു. അക്കാലത്ത്, യുവാക്കളെ അത്രത്തോളം ആവേശിച്ച താരമായിരുന്നു രവീന്ദ്രൻ. ഒരു തലൈരാഗത്തിൽ തുടങ്ങി വാഴ 2 വരെ എത്തിനിൽക്കുന്ന ചലച്ചിത്രജീവിതം. നടൻ മാത്രമല്ല, തിരക്കഥാകൃത്ത്, ഇന്റീരിയര്‍ ഡിസൈനര്‍, അവതാരകന്, ചലച്ചിത്ര ഗവേഷകന്, ആക്ടിംഗ് കോച്ച്, സാമൂഹിക പ്രവര്ത്തകന് തുടങ്ങി വിവിധ മേഖലകളിലൂടെ സഞ്ചരിച്ച സവിശേഷ വ്യക്തിത്വത്തിനുടമയാണ് രവീന്ദ്രൻ.
ഇടുക്കി ഗോൾഡ്, കിളിപോയി, സലാല മൊബൈൽസ് തുടങ്ങി കുട്ടിക്കൂട്ടങ്ങളുടെ സിനിമയായ വാഴ 2 വരെയുള്ള ചിത്രങ്ങളാൽ തിരിച്ചുവരവു ഗംഭീരമാക്കി താരം. തന്റെ ചലച്ചിത്രജീവിതത്തിലെ പാഠങ്ങളെക്കുറിച്ചും സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പങ്കുവയ്ക്കുകയാണ് താരം. ഒരു ദേശീമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് രവീന്ദ്രൻ തന്റെ ചലച്ചിത്രജീവിതത്തിലെ അനുഭവങ്ങൾ പങ്കുവച്ചത്.