രവീന്ദ്രൻ... അഥവാ ഡിസ്കോ രവീന്ദ്രൻ, ഒരു കാലഘട്ടത്തെ ഇളക്കിമറിച്ച താരം. ക്യാന്പസിന്റെയും യുവാക്കളുടെയും ഹരമായിരുന്ന സ്വപ്നതാരം. നിരവധി ഹിറ്റുകളിലൂടെ തെന്നിന്ത്യൻ വാണിജ്യ സിനിമയുടെ അവിഭാജ്യഘടകമായി മാറിയ അഭ്രകാവ്യങ്ങളിലെ നായകൻ. രവീന്ദ്രന്റെ സ്റ്റൈലും നൃത്തരംഗങ്ങളും കാണാൻ വേണ്ടിമാത്രം പ്രേക്ഷകർ തിയറ്ററുകളിൽ ഇരച്ചുകയറിയ കാലമുണ്ടായിരുന്നു. അക്കാലത്ത്, യുവാക്കളെ അത്രത്തോളം ആവേശിച്ച താരമായിരുന്നു രവീന്ദ്രൻ. ഒരു തലൈരാഗത്തിൽ തുടങ്ങി വാഴ 2 വരെ എത്തിനിൽക്കുന്ന ചലച്ചിത്രജീവിതം. നടൻ മാത്രമല്ല, തിരക്കഥാകൃത്ത്, ഇന്റീരിയര്‍ ഡിസൈനര്‍, അവതാരകന്, ചലച്ചിത്ര ഗവേഷകന്, ആക്ടിംഗ് കോച്ച്, സാമൂഹിക പ്രവര്ത്തകന് തുടങ്ങി വിവിധ മേഖലകളിലൂടെ സഞ്ചരിച്ച സവിശേഷ വ്യക്തിത്വത്തിനുടമയാണ് രവീന്ദ്രൻ.
ഇടുക്കി ഗോൾഡ്, കിളിപോയി, സലാല മൊബൈൽസ് തുടങ്ങി കുട്ടിക്കൂട്ടങ്ങളുടെ സിനിമയായ വാഴ 2 വരെയുള്ള ചിത്രങ്ങളാൽ തിരിച്ചുവരവു ഗംഭീരമാക്കി താരം. തന്റെ ചലച്ചിത്രജീവിതത്തിലെ പാഠങ്ങളെക്കുറിച്ചും സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പങ്കുവയ്ക്കുകയാണ് താരം. ഒരു ദേശീമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് രവീന്ദ്രൻ തന്റെ ചലച്ചിത്രജീവിതത്തിലെ അനുഭവങ്ങൾ പങ്കുവച്ചത്.

ഒരു തലൈ രാഗം
അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോള്‍ പ്രശസ്ത നിര്‍മാതാവ് പി. ഭാനുമതിയാണ് തനിക്ക് ആദ്യമായി സിനിമയില്‍ അവസരം നല്‍കിയതെന്ന് രവീന്ദ്രൻ പറയുന്നു. അതിനുശേഷമാണ് ഒരു തലൈ രാഗം എന്ന ചിത്രത്തിന്റെ ഭാഗമാകുന്നത്. പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രങ്ങളായ ഒരു തലൈ രാഗത്തിന്റെ റിലീസ് ദിവസം താനും സഹനടന്‍ ശങ്കറും വല്ലാതെ ഭയപ്പെട്ടിരുന്നു. എന്നാല്‍ ആദ്യ ഷോ കഴിഞ്ഞതോടെ, ചലച്ചിത്രാസ്വാദകർക്കിടയിൽ വലിയ തരംഗമായി മാറി ഒരു തലൈ രാഗം.
ഒരു വര്‍ഷത്തോളം തിയറ്ററുകളില്‍ ഓടിയ ഒരു തലൈ രാഗം തിരുത്തിക്കുറിച്ചത് വലിയ ചരിത്രമാണ്. ഇന്നത്തെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു തലൈ രാഗം ഉണ്ടാക്കിയ സ്വാധീനം നൂറു മടങ്ങ് വലുതായിരുന്നു. ആളുകള്‍ സിനിമ കണ്ടോ എന്നല്ല, എത്ര തവണ കണ്ടു എന്നാണ് ചോദിച്ചിരുന്നത്. ആ സിനിമ 220 തവണ കണ്ട ഒരാളെ താൻ നേരിട്ടു കണ്ടിട്ടുണ്ടെന്നും രവീന്ദ്രൻ പറഞ്ഞു. സിനിമ വന്‍ വിജയമായതോടെ ഒറ്റരാത്രികൊണ്ടാണ് താന്‍ സ്റ്റാറായി മാറിയത്. കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ എന്റെ നൃത്തവും ശൈലിയും പുസ്തകം പിടിക്കുന്നരീതി വരെ ട്രെന്‍ഡായി മാറിയതും ഓർക്കുന്നു.
പിന്നീട്, മലയാളത്തിലെത്തിയപ്പോൾ ധാരാളം ചിത്രങ്ങൾ കിട്ടി. ഇന്‍ഡസ്ട്രിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വലിയ ധാരണയില്ലാത്തതിനാല്‍ പ്രതിഫലം ചോദിച്ചു വാങ്ങുന്നതുൾപ്പെടെ തനിക്കു നിരവധി പിഴവുകൾ സംഭവിച്ചു.

ബിസിനസ് കാര്യം
പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിനുശേഷം താന്‍ സിനിമയില്‍നിന്ന് വിട്ടുനിന്നു. സിമന്റ് ബിസിനസിലേക്കു ശ്രദ്ധ തിരിച്ചു. സിനിമയും സിമന്റും തമ്മിലുള്ള ബന്ധം എന്താണെന്ന് ചോദിച്ചവരോട് രണ്ടും "സി' എന്ന അക്ഷരത്തിലാണു തുടങ്ങുന്നതെന്നാണ് താന്‍ തമാശയായി പറഞ്ഞത്. ബിസിനസും മാര്‍ക്കറ്റിംഗും പഠിക്കാനുള്ള കൗതുകമാണ് തന്നെ അതിലേക്ക് നയിച്ചത്. താൻ ഒരു മേഖലയില്‍ മാത്രം ഒതുങ്ങിനിന്നില്ല.
സിനിമയെ ഗൗരവത്തോടെ കാണുന്നു
സിനിമയെ ഗൗരവമായി പഠിക്കാൻ ശ്രമിച്ചെന്നും താരം പറഞ്ഞു. പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ കോഴ്സും അന്താരാഷ്ട്ര ചലച്ചിത്ര മേളകളും സിനിമാ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു. കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചതും ചലച്ചിത്ര സാക്ഷരത വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്.

ബെന്നി ബ്രോ
ഒരു തലൈ രാഗത്തില്‍ ക്യാമ്പസുകള്‍ തന്നെ എങ്ങനെയാണ് ഏറ്റെടുത്തത്, അതുപോലെ വാഴ 2 എന്ന ചിത്രത്തിലെ ബെന്നി ബ്രോയെ പുതുതലമുറ സ്വീകരിച്ചതിലും വാചാലനായി രവീന്ദ്രൻ. എല്ലാ ഫ്രണ്ട്സ് ഗ്രൂപ്പിലും ഒരു ബെന്നി ബ്രോ കാണും. സ്ക്രീന്‍ ടൈമിനേക്കാള്‍ ഉപരി പുതിയ തലമുറയുമായി സംവദിക്കാന്‍ ഇതൊക്കെ തന്നെ സഹായിക്കുന്നുണ്ടെന്നും താരം അഭിപ്രായപ്പെട്ടു. സിനിമയെ വെറും വിനോദോപാധിയായി മാത്രമല്ല, സാമൂഹിക മാറ്റത്തിനുള്ള ആയുധമായി കാണാനാണ് തനിക്കിഷ്ടമെന്നും രവീന്ദ്രൻ വ്യക്തമാക്കി.
മമ്മൂട്ടിയും മോഹൻലാലും അമ്മയുടെ തലപ്പത്ത് ഇല്ലാത്തത് നഷ്ടം
അമ്മ എന്ന സംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നേരിട്ട് ഇടപെടാത്തതിനാല്‍ പ്രതികരിക്കാനില്ലെന്ന് രവീന്ദ്രൻ പറഞ്ഞു. മോഹന്‍ലാലും മമ്മൂട്ടിയും സംഘടനയുടെ നേതൃത്വത്തില്‍ ഇല്ലാത്തത് "അമ്മ'യ്ക്ക് വലിയ നഷ്ടമാണ്. അവരുടെ സാന്നിധ്യം സംഘടനയ്ക്ക് വലിയ സാമ്പത്തിക വളര്‍ച്ചയും ഒപ്പം അച്ചടക്കവും നല്‍കിയിരുന്നു.
സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത് സിനിമയില്‍ മാത്രമല്ല, സമൂഹത്തില്‍ ഉടനീളമുള്ള പ്രശ്നമാണ്. സിനിമയ്ക്ക് പുറത്താണ് ഇത് കൂടുതല്‍ വ്യാപകമെന്ന് വിശ്വസിക്കുന്നതായും താരം പറഞ്ഞു. ഇന്നത്തെ മുന്‍നിര താരങ്ങളായ പൃഥ്വിരാജ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന് തുടങ്ങിയവരെല്ലാം തങ്ങളുടെ ആരോഗ്യത്തിലും കരിയറിലും അതീവ ശ്രദ്ധാലുക്കളാണ്. മോഹന്‍ലാലും മമ്മൂട്ടിയും പതിറ്റാണ്ടുകളായി തങ്ങളുടെ ഊര്‍ജവും അച്ചടക്കവും നിലനിര്‍ത്തുന്നു.
തന്റെ ജീവിതയാത്രകളെ സിനിമകള്‍ കൊണ്ട് മാത്രം അളക്കരുതെന്നും താരം അഭിപ്രായപ്പെട്ടു. "ഒരു തലൈ രാഗം' മുതൽ "വാഴ 2' വരെയുള്ള ചിത്രങ്ങളിലൂടെ വിവിധ തലമുറകളുമായി ബന്ധപ്പെടാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും രവീന്ദ്രന് കൂട്ടിച്ചേർത്തു.
Tags : Raveendran Malayalam Movie Mollywood Oru Thalai Ragam Vaazha 2. Idukki Gold