പത്തനംതിട്ട: ലൈഫ് മിഷൻ ഭവന പദ്ധതിയിൽ ഗുണഭോക്തൃ വിഹിതം അടിച്ചുമാറ്റിയ ഗ്രാമസേവികയ്ക്കെതിരേ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കോന്നി തണ്ണിത്തോട് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായിരുന്ന കോന്നി വകയാർ മ്ലാന്തടം പുത്തൻവീട്ടിൽ എം.ആർ. റാണിലക്ഷ്മി (37)യാണ് കഴിഞ്ഞദിവസം കോന്നിയിൽ പൊലിസിന്റെ പിടിയിലായത്.
തണ്ണിത്തോട്, ചിറ്റാർ വില്ലേജുകളിലെ ലൈഫ്മിഷൻ ഭവനപദ്ധതിയുടെ പേരിൽ നടന്ന തട്ടിപ്പുകളുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. ഇവർ നേരത്തേ ജോലി ചെയ്തിരുന്ന അരുവാപ്പുലം വില്ലേജിലും സമാന തട്ടിപ്പ് നടന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് അന്വേഷണം തുടങ്ങി.
രണ്ട് വില്ലേജുകളിലായി 60 ലക്ഷം രൂപയുടെ തട്ടിപ്പാണ് റാണി ലക്ഷ്മിയുടെ പേരിൽ പ്രാഥമികമായി കണ്ടെത്തിയത്. ഗുണഭോക്താക്കൾക്കു ലഭിക്കേണ്ട തുക ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയതിന്റെ പേരിലാണ് അന്വേഷണം നടന്നത്. ചിറ്റാർ, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ പരാതികളിൽ കേസെടുത്ത പൊലിസ് സംഘം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്.
നേരത്തേ കോന്നി പൊലിസിൽ മറ്റൊരു തട്ടിപ്പു കേസിൽ റാണിലക്ഷ്മി പ്രതിയായിട്ടുണ്ട്. ക്രമക്കേടുകളിലൂടെ കൈക്കലാക്കിയ പണം ഉപയോഗിച്ച് ഇവർ ആഡംബര ജീവിതം നയിച്ചിരുന്നതായും പറയപ്പെടുന്നു. റാണി ലക്ഷ്മി ഇക്കാലയളവിൽ ഭർത്താവിന്റെ പേരിൽ ടോറസ് ലോറി അടക്കം വാങ്ങിനൽകിയത് അന്വേഷണസംഘം കണ്ടെത്തി.
സീതത്തോട് പഞ്ചായത്തിൽ 51.23 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. തണ്ണിത്തോട്ടിൽ പ്രാഥമികമായി രണ്ടു ലക്ഷം രൂപയുടെ തട്ടിപ്പാണ് കണ്ടത്. സീതത്തോട് പഞ്ചായത്തിന്റെ പരിധിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ചിറ്റാർ പൊലിസ് ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ അപേക്ഷ നൽകി. ഗുണഭോക്തൃ ലിസ്റ്റിൽ ബന്ധുക്കളുടെ പേരുകൾ തിരുകിക്കയറ്റി ഇവരുടെ പേരിൽ വ്യാജരേഖകൾ ചമച്ചാണ് പണം തട്ടിയെടുത്തുവന്നത്.
സീതത്തോട് പഞ്ചായത്തിൽ 2024 ഡിസംബർ ആറുമുതൽ പ്രവർത്തിച്ചുവരികയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 12നാണ് തണ്ണിത്തോട്ടിലേക്കു സ്ഥലംമാറിയത്. സീതത്തോട് പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ഗുണഭോക്തൃ വിഹിതം നൽകുന്നതിൽ കാലതാമസം കണ്ടതിനെ തുടർന്ന് പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് അന്വേണം നടത്തി.
പട്ടിക പരിശോധിച്ചപ്പോൾ വിഇഒയുടെ മാതാവ്, ഭർത്താവ്, ഭർത്തൃ പിതാവ്, സുഹൃത്തുക്കൾ എന്നിവരുടെ പേരുകൾ പട്ടികയിൽ കണ്ടെത്തി. ഇവരുടെ പേരിൽ പലതവണ പണാപഹരണം നടത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ പറയുന്നു. തണ്ണിത്തോട്ടിലും സമാന പരാതികളുണ്ടായപ്പോൾ പൊലിസ് അന്വേഷണവും ആരംഭിച്ചു.
ഇതിനിടെ തട്ടിപ്പ് പിടിക്കപ്പെടുമെന്നായപ്പോൾ പണം തിരികെ അടച്ച് തലയൂരാൻ റാണിലക്ഷ്മി ശ്രമം നടത്തി. അരൂവാപ്പുലത്തും ക്രമക്കേട് നടത്തിയതായി സൂചന ലഭിച്ചതിനെ തുടർന്ന് കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥർ ഇന്നലെ ഗ്രാമപഞ്ചായത്ത് ഓഫീസിൽ പരിശോധനകൾ നടത്തി.
അരുവാപ്പുലത്ത് മാത്രം ഏകദേശം 15 ലക്ഷം രൂപയുടെ ക്രമക്കേടുകളാണ് ഇവർ നടത്തിയതായി പ്രാഥമികമായി കണ്ടെത്തിയിട്ടുള്ളത്. അരുവാപ്പുലം പഞ്ചായത്തിലെ ലൈഫ് പദ്ധതി ഗുണഭോക്തൃ ലിസ്റ്റിലുള്ള സമാന പേരുള്ളവരെയും റാണി ലക്ഷ്മിയുടെ അമ്മ, ഭർത്താവ്, ഭർത്താവിന്റെ മാതാപിതാക്കൾ എന്നിവരുൾപ്പടെയുള്ള അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ഗുണഭോക്താക്കളാക്കി മാറ്റിയാണ് ലക്ഷങ്ങൾ തട്ടിയെടുത്തത്.