ന്യൂഡൽഹി: പ്രീപെയ്ഡ് മൊബൈൽ ഉപഭോക്താക്കൾക്ക് ആശ്വാസമേകി ടെലികോം നിർദേശങ്ങളിൽ നിർണായക ഭേദഗതിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. 28 ദിവസത്തെ റീച്ചാർജ് കാലാവധിക്ക് പകരം ഇനി മുതൽ കൃത്യം 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ കമ്പനികൾ നൽകണം. ഇതോടെ ഉപഭോക്താക്കൾ പ്രതിവർഷം ചെയ്യേണ്ട റീച്ചാർജുകളുടെ എണ്ണം 13-ൽ നിന്ന് 12 ആയി കുറയും.
28 ദിവസത്തെ പ്ലാനുകളെ "പ്രതിമാസ പ്ലാൻ" എന്ന് വിളിച്ച് ഉപഭോക്താക്കളെ വഞ്ചിക്കുന്നതിനെതിരെ രാജ്യസഭാ എംപി രാഘവ് ഛദ്ദ പാർലമെന്റിൽ നടത്തിയ ശക്തമായ ഇടപെടലാണ് ഈ തീരുമാനത്തിലേക്ക് വഴിതെളിച്ചത്. കഴിഞ്ഞ മാർച്ച് 11-ന് പാർലമെന്റിൽ വിഷയം ഉന്നയിച്ച അദ്ദേഹം, ഇന്റർനെറ്റ് ഡാറ്റ ആവശ്യമില്ലാത്ത സാധാരണക്കാർക്കായി വോയ്സ്, എസ്എംഎസ് മാത്രമുള്ള കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഛദ്ദയുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് ട്രായ് കൊണ്ടുവന്ന പുതിയ ഭേദഗതിപ്രകാരം, ഇനിമുതൽ വോയ്സ് കോളും എസ്എംഎസും മാത്രം ഉൾപ്പെടുന്ന 30 ദിവസത്തെയും അതിൽ താഴെയുമുള്ള പ്രത്യേക പ്ലാനുകൾ ടെലികോം കമ്പനികൾ നിർബന്ധമായും നൽകേണ്ടിവരും.
സാധാരണക്കാർക്ക് ലഭിച്ച വലിയ വിജയമാണിതെന്ന് രാഘവ് ഛദ്ദ പ്രതികരിച്ചു. ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച് അനുകൂല തീരുമാനമെടുത്ത കേന്ദ്ര സർക്കാരിനും ട്രായിക്കും അദ്ദേഹം നന്ദി അറിയിച്ചു.