ന്യൂഡൽഹി: ഉയർന്ന അളവിൽ കഫീൻ അടങ്ങിയ പാനീയങ്ങളുടെ ലേബലുകളിൽ എനർജി ഡ്രിങ്ക് എന്ന പദം ഉപയോഗിക്കുന്നത് അവസാനിപ്പിക്കാൻ നിർമാതാക്കളോട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട്.
2028ഓടെ വിപണി മൂല്യം 1.6 ബില്യണ്‍ ഡോളറിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ രംഗത്തെ വന്പൻ ബ്രാൻഡുകളായ പെപ്സി, റെഡ്ബുൾ, മോണ്‍സ്റ്റർ ബിവറേജ്, റിലയൻസ്, ഹെൽ എനർജി എന്നിവയുടെ എതിർപ്പുകൾ തള്ളിക്കളഞ്ഞുകൊണ്ടാണ് എഫ്എസ്എസ്എഐയുടെ നടപടി.
ഇത്തരം ഉത്പന്നങ്ങൾക്ക് പ്രത്യേക ഇന്ത്യൻ മാനദണ്ഡങ്ങളൊന്നുമില്ലെന്നും ഒരു പാനീയം ശരീരത്തിനും മനസിനും ഉൗർജം നൽകുന്നു അല്ലെങ്കിൽ പൊതുവായ ക്ഷീണം മാറ്റാൻ സഹായിക്കുന്നു എന്നൊക്കെയുള്ള അവകാശവാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കാണിച്ച് കന്പനികൾക്ക് ജൂലൈ ആദ്യം നോട്ടീസ് അയച്ചതായി എഫ്എസ്എസ്എഐ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. എന്നാൽ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും രാജ്യത്തെ ഭക്ഷ്യ സുരക്ഷ അഥോറിറ്റി പുറത്തുവിട്ടിട്ടില്ല.
എഫ്എസ്എസ്എഐയിൽനിന്നുള്ള ഈ നീക്കം കന്പനികളും ഭരണകൂടവും തമ്മിലുള്ള കടുത്ത തർക്കത്തിന് വഴിവച്ചിരിക്കുകയാണ്. പെട്ടെന്ന് ഉൗർജം നല്‍കുമെന്ന അവകാശവാദങ്ങളെ അടിസ്ഥാനമാക്കി കെട്ടിപ്പടുത്ത ബ്രാൻഡ് മൂല്യത്തെ ലേബൽ മാറ്റുന്നത് ബാധിക്കുമെന്നും അത് വില്പനയെ ബാധിക്കുമെന്നും നിർമാതാക്കൾ ഭയപ്പെടുന്നു.
ലേബലുകൾ മാറ്റാൻ 90 ദിവസം
ഉതപന്നങ്ങളുടെ ലേബലുകളിൽനിന്ന് എനർജി ഡ്രിങ്ക് എന്ന വാക്കും സമാനമായ മറ്റ് വിവരണങ്ങളും നീക്കം ചെയ്യാൻ എഫ്എസ്എസ്എഐ കന്പനികൾക്ക് നിർദേശം നല്‍കിയതായി റിപ്പോർട്ടിൽ പറയുന്നു.
വെള്ളിയാഴ്ച വ്യവസായ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഈ നടപടി ബിസിനസുകളെ ബാധിച്ചേക്കാമെന്ന കന്പനികളുടെ ആശങ്കകളെ എഫ്എസ്എസ്എഐ ചീഫ് എക്സിക്യൂട്ടിവ് രജിത് പുന്നാനി തള്ളിക്കളഞ്ഞു. താത്പര്യമുണ്ടെങ്കിൽ കന്പനികൾക്ക് കോടതിയിൽ ഈ തീരുമാനത്തെ ചോദ്യം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച നടന്ന ചർച്ചയ്ക്കുശേഷം ലേബലിംഗിൽ മാറ്റങ്ങൾ വരുത്താൻ സമ്മതിച്ചയായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇതിനായി ഭക്ഷ്യ സുരക്ഷ അഥോറിറ്റി അവർക്ക് 90 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
ഉയർന്ന അളവിൽ കഫീൻ, പഞ്ചസാര, ടോറിൻ എന്ന അമിനോ ആസിഡ് എന്നിവ അടങ്ങിയിട്ടുള്ളതിനാൽ എനർജി ഡ്രിങ്കുകൾ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന ആശങ്ക ആഗോളതലത്തിൽ തന്നെ പല ഭക്ഷ്യ സുരക്ഷാ അഥോറിറ്റികളും പ്രകടിപ്പിക്കുന്നുണ്ട്. ഇംഗ്ലണ്ടിൽ 16 വയസിൽ താഴെയുള്ളവർക്ക് അടുത്ത വർഷം ഏപ്രിൽ മുതൽ ഉയർന്ന അളവിൽ കഫീൻ അടങ്ങിയ എനർജി ഡ്രിങ്കുകൾ നൽകുന്നതു നിരോധിക്കും. പാക്കിസ്ഥാനിലെ ചില പ്രദേശങ്ങളിൽ ഇവയെ ‘സ്റ്റിമുലന്റ് ഡ്രിങ്കുകൾ’ എന്നു മാത്രമേ വിളിക്കാവൂ എന്ന് നിർബന്ധമാക്കിയിട്ടുണ്ട്.
പ്രമുഖ കന്പനികളെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ ബിവറേജസ് അസോസിയേഷൻ, ചട്ടങ്ങൾ പാലിക്കുന്നതിനും ശാസ്ത്രീയമായ നയരൂപീകരണവുമായി ബന്ധപ്പെട്ട് റെഗുലേറ്റർമാരുമായി സഹകരിക്കുന്നതിനും തങ്ങൾ പ്രതിജ്ഞാബന്ധരാണെന്ന് അറിയിച്ചു.
ഇന്ത്യൻ എനർജി ഡ്രിങ്ക് വിപണി കുതിക്കുന്നു
2017ൽ പെപ്സി സ്റ്റിംഗ് വിപണിയിൽ അവതരിപ്പിച്ചതോടെ രാജ്യത്തെ എനർജി ഡ്രിങ്ക് വിപണി വൻ കുതിപ്പാണ് നടത്തിയത്. 20 രൂപ വിലയിൽ പ്ലാസ്റ്റിക് ബോട്ടിലിൽ നല്കുന്ന സ്റ്റിംഗ് 15 മുതൽ 19 വയസുകാർക്കിടയിലും ഗ്രാമീണ മേഖലയിലും ജനപ്രിയമായതോടെ വിപണിയിൽ ഒന്നാമതായി.
യുഎസിനെയും ചൈനയെയും അപേക്ഷിച്ച് വേഗത്തിൽ പ്രതിവർഷം 12.6 ശതമാനം എന്ന നിരക്കിൽ വളർന്ന് 2028ൽ ചില്ലറ വില്പന 1.6 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോമോണിറ്ററിന്റെ കണക്കനുസരിച്ച് 2018നും 2023നും ഇടയിൽ ഇവയുടെ വില്പന അളവിൽ ഏകദേശം 100 ശതമാനം വർധനയുണ്ടായിട്ടുണ്ട്.
നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഈ മാസം രാജസ്ഥാൻ സർക്കാർ ആയിരക്കണക്കിന് സ്റ്റിംഗ്, കംപ എനർജി, റെഡ് ബുൾ എന്നിവ പിടിച്ചെടുത്തു.