ന്യൂഡൽഹി: റീൽസ് നിർമാതാക്കളെയോ കണ്ടന്റ് ക്രിയേറ്റർമാരെയോ അംഗീകൃത മാധ്യമ പ്രവർത്തകരുടെ ഗണത്തിൽ ഉൾപ്പെടുത്താനാകില്ലെന്ന് ഡൽഹി പൊലിസ് സുപ്രീംകോടതിയിൽ.
മാധ്യമസ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ പൊലിസ് നിഷ്പക്ഷമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നവരുടെയും വാണിജ്യതാത്പര്യത്തോടെ റീലുകൾ നിർമിക്കുന്നവരുടെയും ഉദ്ദേശ്യശുദ്ധി താരതമ്യം ചെയ്യേണ്ടതാണെന്നും സുപ്രീംകോടതിയെ അറിയിച്ചു. വോട്ടുകൊള്ള ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ കൈയേറ്റം ചെയ്തു എന്നാരോപിച്ചുള്ള ഹർജിയിൽ പൊലിസ് നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
മാധ്യമപ്രവർത്തകരുടെ ജോലി തടസപ്പെടുത്തരുതെന്ന ഒക്ടോബർ 11ലെ സുപ്രീംകോടതി നിർദേശം നിയമവിരുദ്ധമായി സംഘടിക്കുന്ന സ്ഥലങ്ങളിൽ പൊലിസ് നിർദേശങ്ങൾ ലംഘിക്കുന്ന ഇൻഫ്ലുവൻസർമാർക്കും റീൽ മേക്കർമാർക്കും ബാധകമല്ല. അനുമതിയില്ലാത്ത പ്രതിഷേധ സ്ഥലങ്ങളിൽ യഥാർഥ മാധ്യമപ്രവർത്തകരെയും കണ്ടന്റ് ക്രിയേറ്റർമാരെയും വേർതിരിച്ചറിയുന്നത് പ്രയാസകരമാണ്.
പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിനും നീക്കംചെയ്യുന്നതിനും പൊതുസമാധാനം പുനഃസ്ഥാപിക്കുന്നതിനും മാത്രമാണ് പൊലിസ് നടപടി സ്വീകരിച്ചത്. അല്ലാതെ നിയമപരമായ കൃത്യനിർവഹണം നടത്തുന്ന ഏതെങ്കിലും മാധ്യമപ്രവർത്തകരെ തടഞ്ഞുവയ്ക്കാനോ നിയന്ത്രിക്കാനോ തടസപ്പെടുത്താനോ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.