കോഴിക്കോട്: ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ. ആസാം സ്വദേശി യാസീന്‍ ആലം എന്ന റീല്‍സ് യാസീന്‍ ആണ് വെള്ളയില്‍ പൊലിസിന്റെ പിടിയിലായത്.
ഇന്നലെ പുലർച്ചെ കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തുവെച്ചാണ് ഇതര സംസ്ഥാനക്കാരായ മൂന്ന് പേര്‍ക്ക് നേരെ അതിക്രമം നടന്നത്. യാസീന്‍ ഉള്‍പ്പെടെയുള്ള ആസാം സ്വദേശികള്‍ പരാതിക്കാരുടെ ദേഹത്തേക്ക് ബൈക്ക് ഓടിച്ചു കയറ്റുകയും വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലിസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പൊലിസ് പറയുന്നു.