തിരുവനന്തപുരം: ടെക്നോപാർക്കിലെ പ്രമുഖ ഇന്നൊവേഷൻ ടെക്നോളജി സേവന ദാതാവായ റിഫ്ലെക്ഷൻസ് ഇൻഫോ സിസ്റ്റംസ് കന്പനിയുടെ ആശയവിനിമയം മെച്ചപ്പെടുത്താൻ സഹായിക്കുന്ന എഐ അധിഷ്ഠിത വെബ് ആപ്ലിക്കേഷനായ "റിഫ്ലെക്ടോ’ പുറത്തിറക്കി.
ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം വെബ് ആപ്ലിക്കേഷനുകളാണ് "റിഫ്ലെക്ടോ.’ ജീവനക്കാർക്കിടയിലെ ആശയവിനിമയവും പരസ്പര സഹകരണവും സുഗമമാക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു.
ധാരാളം സമയവും ഡിസൈൻ വൈദഗ്ധ്യവും ആവശ്യമായിരുന്ന സർഗാത്മകമായ ജോലികൾ കാര്യക്ഷമമായി ചെയ്യാൻ "റിഫ്ലെക്ടോ’ ആപ്ലിക്കേഷൻ സഹായിക്കും. ഡിസൈനിംഗ് രംഗത്തോ കോഡിംഗിലോ മുൻപരിചയം ഇല്ലാത്തവർക്കും വളരെ എളുപ്പത്തിൽ ഇത് ഉപയോഗിക്കാം.
മുന്പു കന്പനിക്കുള്ളിൽ ആശയവിനിമയം നടത്താൻ വേണ്ട പോസ്റ്ററുകൾ ഡിസൈൻ ചെയ്യാൻ മണിക്കൂറുകൾ ചെലവഴിക്കേണ്ടി വന്നിരുന്ന സാഹചര്യം മാറി ഒറ്റ ക്ലിക്കിൽ പോസ്റ്ററുകൾ ഉണ്ടാക്കാൻ "റിഫ്ലെക്ടോ’ യ്ക്കുകഴിയുന്നു.
റിഫ്ലെക്ഷൻസ് ഇൻഫോ സിസ്റ്റംസിലെ ജീവനക്കാർക്കിടയിൽ നടത്തുന്ന മത്സരങ്ങളിൽ വിജയിക്കുന്നവർക്കുള്ള പോസ്റ്ററുകൾ, ജന്മദിനാശംസകൾ എന്നിവ ഒറ്റ ക്ലിക്കിൽ ഇത് തനിയെ തയാറാക്കി നൽകും. കന്പനിയിലെ ലീഡർമാർക്ക് അവരുടെ ബ്രാൻഡ് മൂല്യം വർധിപ്പിക്കുന്ന ഡിജിറ്റൽ ബിസിനസ് കാർഡുകൾ ഉടനടി നിർമിക്കാനും സഹായകമാകും.
ഷൗട്ട് ഔട്ട്, സ്പോട്ട് അവാർഡ് എന്നീ ഫീച്ചറുകളിലൂടെ ജീവനക്കാരുടെ മികച്ച പ്രവർത്തനങ്ങളെ നിമിഷങ്ങൾക്കകം മനോഹരമായ അഭിനന്ദന പോസ്റ്ററുകളാക്കി മാറ്റാനും ഇതിലൂടെ സാധിക്കും.
ദ്രുതഗതിയിൽ വളരുന്ന സാങ്കേതിക സംരംഭങ്ങളുടെ റാങ്കിംഗ് നടത്തുന്ന ഡെലോയിറ്റ് ഇന്ത്യ ഫാസ്റ്റ് 50 പട്ടികയിലുള്ളതാണ് റിഫ്ലെക്ഷൻസ് ഇൻഫോ സിസ്റ്റംസ്.