ജിബൂട്ടി സിറ്റി: ജിബൂട്ടി തീരത്ത് അഭയാർഥി ബോട്ട് മറിഞ്ഞ് 15 കുട്ടികളടക്കം 139 പേർ മരിച്ചതായി റിപ്പോർട്ടുകൾ. അപകടത്തിൽ 84 പേരെ കാണാതായിട്ടുണ്ട്. ഒക്ടോബർ എട്ടിന് അർധരാത്രിയോടെ ഒബോക് നഗരത്തിന് സമീപത്തായാണ് അപകടം.
ജിബൂട്ടിയിൽ നിന്നും യെമനിലേക്ക് കുടിയേറാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത്. ഏകദേശം 305 യാത്രക്കാർ ബോട്ടിലുണ്ടായിരുന്നതായാണ് അന്താരാഷ്ട്ര കുടിയേറ്റ സംഘടന വ്യക്തമാക്കുന്നത്. ഇതിൽ 15 കുട്ടികളടക്കം 139 പേർ മരിച്ചതായും സംഘടന സ്ഥിരീകരിച്ചു.
അപകടത്തിൽപ്പെട്ടവരെല്ലാം എത്യോപ്യൻ സ്വദേശികളാണെന്നും സംഘടന അറിയിച്ചു. ബാബ് അൽ-മന്ദബ് കടലിടുക്ക് വഴി യെമനിലേക്കും അവിടെനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും കുടിയേറാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത്.