കാസർഗോഡ്: ട്രെയിൻ ടിക്കറ്റ് റദ്ദാക്കിയപ്പോൾ റീഫണ്ട് തുകയിൽനിന്ന് വെറും ഒരു രൂപ കുറഞ്ഞതിന് റെയിൽവേയ്ക്കു കിട്ടിയത് വൻ പിഴ.
കാസർഗോഡ് സ്വദേശിയായ യാത്രക്കാരന്റെ പരാതിയിലാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷനോട് (ഐആർസിടിസി) നഷ്ടപരിഹാരം നൽകാൻ കാസർഗോഡ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്.
പരാതിക്കാരൻ 553 രൂപയുടെ എസി ത്രീ ടയർ ടിക്കറ്റാണ് ബുക്ക് ചെയ്തിരുന്നത്. യാത്രയ്ക്ക് 48 മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദാക്കിയപ്പോൾ നിയമാനുസൃതമായ ക്യാൻസലേഷൻ ചാർജുകൾ കഴിച്ച് ബാക്കി തുക നൽകിയതിൽ ഒരു രൂപയുടെ കുറവ് വന്നു. തുക നിസാരമാണെങ്കിലും സേവനത്തിലെ വീഴ്ചയും മാനസിക ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടിയാണ് യാത്രക്കാരൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
കേസിൽ ഐആർസിടിസിയുടെ വാദങ്ങൾ തള്ളിയ കമ്മിഷൻ, ബാക്കി കിട്ടാനുള്ള ഒരു രൂപ ഒന്പത് ശതമാനം പലിശയോടെ നൽകാനും സേവനവീഴ്ചയ്ക്കു 100 രൂപ നഷ്ടപരിഹാരവും 3,000 രൂപ കേസ് നടത്തുന്നതിനുള്ള ചെലവായും പരാതിക്കാരന് 30 ദിവസത്തിനകം നൽകാനും നിർദേശിച്ചു.