കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള ഫുട്ബോളില്‍ മൂന്നാം റൗണ്ടിലെ ആദ്യമത്സരത്തിൽ നിലവിലെ ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിക്ക് ജയം. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ ഇന്നലെ രാത്രി നടന്ന പോരാട്ടത്തിൽ ഫോഴ്സ കൊച്ചിയെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ആതിഥേയർ വീഴ്ത്തിയത്.
കണ്ണൂരിനു വേണ്ടി സെര്‍ബിയന്‍ താരം ബോഗ്ദാന്‍ സ്റ്റെമാന്കോവിച്ചും ഫസലുറഹ്മാനും വലകുലുക്കി. രാഹുല്‍ രാജു കൊച്ചിയുടെ ആശ്വാസ ഗോള്‍ നേടി. ഇതോടെ മൂന്നു മത്സരങ്ങളിൽ നിന്ന് ഏഴു പോയിന്റുമായി വാരിയേഴ്സ് മുന്നിലെത്തി. ഫസലു റഹ്മാന് ആണ് മത്സരത്തിലെ താരം.
നിജോ ഗില്‍ബര്‍ട്ടാണ് വാരിയേഴ്സിന്റെ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത്. 39-ാം മിനിറ്റിലായിരുന്നു ആദ്യഗോൾ. പ്രതിരോധതാരം അല്‍വാരോയില്‍ നിന്ന് കിട്ടിയ പന്ത് മുഹമ്മദ് സിനാൻ നിജോയ്ക്ക് എത്തിച്ചു. വലതുവിംഗില്‍ നിന്ന് നിജോ ബോക്സിലേക്ക് നല്കിയ ഉഗ്രന്‍ ക്രോസിൽ ബോഗ്ദാന്‍ സ്റ്റെമാന്കോവിച്ച് കൃത്യമായി തലവച്ചതോടെ വലകുലുങ്ങി.
ആദ്യ പകുതിയുടെ അവസാന നിമിഷം ഫോഴ്സ കൊച്ചി ഗോൾമടക്കുമെന്നു തോന്നിച്ചു. ടൊററ്റ ജൂണിയര്‍ എടുത്ത ഫ്രീകിക്കിലായിരുന്നു തുടക്കം. പ്രതിരോധ താരം റോക്കയുടെ ഹെഡറില്‍ നിന്ന് ലഭിച്ച പാസ് സെന്മാന് ഫാരിസ് ഗോളാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും കണ്ണൂര്‍ ഗോള്‍ കീപ്പര്‍ അജ്മൽ കൈയിലൊതുക്കി.
രണ്ടാം പകുതിയുടെ മൂന്നാം മിനുട്ടിൽ ഫസലു റഹ്മാനിലൂടെ കണ്ണൂര്‍ ലീഡുയർത്തി. ബോഗ്ദാനിൽ നിന്ന് ലഭിച്ച പന്തുമായി വലത് വിംഗിലൂടെ നിജോ ഗിൽബർട്ടിന്റെ മുന്നേറ്റം. ഒടുവില്‍ ബോക്സിലേക്ക് മനോഹരമായ ക്രോസ്. മുഹമ്മദ് സിനാനും അസിയർ ഗോമസും ഗോളിന് ശ്രമിച്ചെങ്കിലും പന്തു തൊടാനായില്ല. ബോക്സിനകത്ത് മാര്‍ക്ക് ചെയ്യാതെ നിന്ന ഫസലു റഹ്മാന് പന്ത് കൃത്യമായി വലയിലെത്തിച്ചു.
നാല് മിനിറ്റിനുള്ളിൽ കൊച്ചി തിരിച്ചടിച്ചു. വലത് വിംഗില്‍ നിന്ന് നിഥിന് മധുവും ഹര്‍ഷല്‍ റഹ്മാനും നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ഹര്‍ഷല്‍ നല്കിയ ക്രോസ് രാഹുല്‍ രാജു ഗോളാക്കി മാറ്റുകയായിരുന്നു. തുടര്‍ന്ന് ഉണര്‍ന്ന് കളിച്ച ഫോഴ്സ കൊച്ചിക്ക് തുടരെ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫലംകണ്ടില്ല. 66 ാം മിനിറ്റില്‍ ലഭിച്ച സുവർണാവസരം കണ്ണൂരും പാഴാക്കി. 86 ാം മിനിറ്റില്‍ റെഡ് കാർഡ് കണ്ടതിലൂടെ ഫോഴ്സ കൊച്ചി പത്ത് പേരായാണ് കളിതീർത്തത്.