കോല്‍ക്കത്ത: കോല്‍ക്കത്ത സ്റ്റേറ്റ്സ്മാന് ദിനപത്രം പരിസ്ഥിതി റിപ്പോര്‍ട്ടിംഗിന് ഏര്‍പ്പെടുത്തിയ കുഷ്റോ ഇറാനി ദേശീയ മാധ്യമ അവാര്‍ഡിന് ദീപിക പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ് റെജി ജോസഫ് അര്‍ഹനായി.
25,000 രൂപയും ഫലകവും ഉള്‍പ്പെടുന്ന അവാര്‍ഡ് കോല്‍ക്കത്ത കലാമന്ദിര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ നാളെ വൈകുന്നേരം സമ്മാനിക്കും.
കാലാവസ്ഥാവ്യതിയാനം ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ ഇന്ത്യന്‍ സമുദ്രങ്ങളിലെ വലുതും ചെറുതുമായ അനേകം ദ്വീപുകള്‍ക്ക് നാശം സംഭവിക്കുന്നതു സംബന്ധിച്ച് രാഷ്ട്രദീപികയില്‍ പ്രസിദ്ധീകരിച്ച ‘ദ്വീപുകള്‍ക്ക് മുങ്ങിമരണം’ എന്ന ലേഖന പരമ്പരയ്ക്കാണ് പുരസ്കാരം.
സ്റ്റേറ്റ്സ്മാന് പത്രത്തിന്റെ മാനേജിംഗ് എഡിറ്ററും ചീഫ് എഡിറ്ററുമായിരുന്നു കുഷ്റോ റൂസി ഇറാനി. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ചെയര്മാന്, ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു.
ഇതു രണ്ടാം തവണയാണ് കുഷ്റോ ഇറാനി പുരസ്കാരം റെജിക്കു ലഭിക്കുന്നത്. മികച്ച റൂറല്‍ റിപ്പോര്‍ട്ടിംഗിനുള്ള സ്റ്റേറ്റ്സ്മാന് അവാര്‍ഡിന് മൂന്നു തവണ അര്‍ഹനായി.
പത്രപ്രവര്‍ത്തനത്തില്‍ ദേശീയ, അന്തര്‍ദേശീയ അവാര്‍ഡുകള്‍ ഉള്‍പ്പെടെ 99 പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പഴയിടം പുല്ലുതുരുത്തിയില്‍ പി.ജെ. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും പുത്രനാണ്. ഭാര്യ ആഷ്ലി തെരേസ ജോസ് (ടീച്ചര്‍, സെന്റ് മേരീസ് എച്ച്എസ്എസ് വെള്ളാരംകുന്ന്). മക്കള്‍: ആഗ്നസ്, അല്‍ഫോന്‍സ്.