അമ്മാൻ: ജോർദാനിലെ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിലുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ട് ബന്ധുക്കളായ മൂന്നു പേർ അറസ്റ്റിലായി. കരാക്ക് നഗരത്തിലെ ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ചുകഴിഞ്ഞ രണ്ടു സഹോദരങ്ങളെയും ഇവരുടെ ബന്ധുവായ മറ്റൊരാളെയും വെടിവയ്പിൽ കീഴടക്കുകയായിരുന്നുവെന്നു പൊലിസ് അറിയിച്ചു.
ഇവർക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടെന്നു പ്രാഥമികാന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ല. കീഴടങ്ങാൻ കൂട്ടാക്കാതിരുന്ന അക്രമികൾ പൊലിസിനു നേർക്ക് വെടിയുതിർത്തതിനാലാണ് ഏറ്റുമുട്ടലുണ്ടായത്. അക്രമികൾക്കു പരിക്കേറ്റിട്ടുണ്ട്. കരാക്കിനടുത്ത് ഹൗമൗദ് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സെന്റ് ജോർജ് പള്ളിയിൽ വെള്ളിയാഴ്ച മൃതസംസ്കാര ചടങ്ങ് നടക്കുന്നതിനിടെ അക്രമികൾ നടത്തിയ വെടിവയ്പിൽ ഒന്പതു പേർ കൊല്ലപ്പെടുകയും 40 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
തുടർന്ന് രക്ഷപ്പെട്ട അക്രമികളെ പിടികൂടാൻ ഊർജിത തെരച്ചിൽ നടന്നുവരികയായിരുന്നു.ഭീകരവാദികളാണ് കൃത്യം നിർവഹിച്ചതെന്ന് ജോർദാൻ അധികൃതർ പിന്നീട് പറഞ്ഞിരുന്നു. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തെ ഉരുക്കുമുഷ്ടിയോടെ നേരിടാൻ ജോർദാനിലെ അബ്ദുള്ള രാജാവ് നിർദേശം നല്കിയിരുന്നു.