ചങ്ങനാശേരി: കുറിച്ചി പഞ്ചായത്ത് രണ്ടാംവാര്‍ഡിലെ മുട്ടത്തുകടവിന്റെ മുഖച്ഛായ മാറുന്നു. നാളുകളായി മദ്യപരുടെയും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയും വിഹാര കേന്ദ്രവും മാലിന്യകേന്ദ്രവുമായിരുന്ന ഈ പ്രദേശത്തുനിന്ന് മദ്യവും മയക്കുമരുന്നും പുറത്താകുന്നു. കൂട്ടുകാര്‍ക്കൊപ്പവും കുടുംബാംഗങ്ങള്‍ക്കൊപ്പവും ഇവിടെയെത്തി വിശ്രമിക്കാൻ റിലാക്സ് എന്നപേരില്‍ പ്രത്യേക കേന്ദ്രം തയാറാകുകയാണ്. മന്ദിരംകവല-ഇടനാട്ടുപടി റോഡിന്റെ വശത്താണ് മുട്ടത്തുകടവ് വിനോദ കേന്ദ്രം തയാറാകുന്നത്.
പഞ്ചായത്തും എക്സൈസ് വകുപ്പും ചേര്‍ന്ന് മുട്ടത്തുകടവിന്റെ സൗന്ദര്യവത്കരണം ആരംഭിച്ചുകഴിഞ്ഞു. പൂന്തോട്ടവും ഇരിപ്പിടങ്ങളും സജ്ജമായിവരികയാണ്. പദ്ധതിയുടെ ഉദ്ഘാടനം 22ന് വൈകുന്നേരം നാലിന് വിനു ജോബ് എംഎല്‍എ നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് എം.എന്‍. മുരളീധരന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തും. വാര്‍ഡ്മെംബര്‍ ആര്. രാജഗോപാല്‍ അധ്യക്ഷത വഹിക്കും.
മുട്ടത്തുകടവിന്റെ പ്രാധാന്യം
അപ്പര്‍ കുട്ടനാടന്‍ പ്രദേശമായ മുട്ടത്തുകടവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുപ്രധാന ജലഗതാഗത പാതയായിരുന്നു. മണ്ണംകരമുതല് പുത്തന്‍തോടുവരെ മൂന്നുകിലോമീറ്ററാണ് ഈ തോടിന്റെ നീളം. മണ്ണങ്കര, കക്കുഴി-ആലപ്പാട്ടുചാല്, പറയനടി, പാലാച്ചാല്‍, കാരിക്കുഴി, മറ്റത്തില്താഴെ, മങ്കുഴി, ഉള്ളാട്ടുകുഴി തുടങ്ങി എട്ടു പാടശേഖരങ്ങള്‍ ഈ പ്രദേശത്തുണ്ട്.
കാലങ്ങളായി തരിശുകിടന്ന ഈ പാടശേഖരങ്ങളില്‍ അഞ്ചുവര്‍ഷംമുമ്പ് കൃഷി ആരംഭിച്ചിരുന്നു. എന്നാൽ ജലക്ഷാമം മൂലം ഇപ്പോള്‍ ഈ പാടശേഖരങ്ങളിലെ നെല്‍കൃഷി കടുത്ത വെല്ലുവിളി നേരിടുകയാണ്. കതിരിടുന്ന സമയത്ത് തോട് വറ്റുന്നതുകൊണ്ട് നെല്‍ച്ചെടി ഉണങ്ങി പോകുന്നത് പതിവാണ്. മുട്ടത്തുകടവ് തോട് ആഴം കൂട്ടിയാല്‍ പാടശേഖരങ്ങളിലേയും നാട്ടിലേയും ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ ഒരു പരിധിവരെ സാധിക്കും.